ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന പാട്ട് യൂട്യൂബില്‍ തരംഗമാകുമ്പോള്‍ ഗായകനായ വിനീത് ശ്രീനിവാസന്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഗാനത്തില്‍ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാമാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഈ ഗാനം പാടാന്‍ ഷാന്‍ റഹ്മാന്‍ ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ താന്‍ കേട്ടിട്ടുണ്ടെന്നാണ് വിനീത് പറയുന്നത്.
ഏറെ നാള്‍ മുന്‍പ് എരഞ്ഞോളി മൂസാക്ക ഒരു സ്റ്റേജില്‍ വെച്ച് പാടിയപ്പോളാണ് ഞാന്‍ ആദ്യമായി ഈ പാട്ടു കേള്‍ക്കുന്നത്. മൂസാക്ക അതിമനോഹരമായാണ് അന്നതു പാടിയത്. സ്റ്റേജ് പ്രോഗ്രാമുകളില്‍ സജീവമായ കാലം തൊട്ട് ഒരുപാട് തവണ മറ്റൊരുപാടു ഗായകരെപ്പോലെ ഞാനും ഈ പാട്ടു പാടിയിട്ടുണ്ട്. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ ശബ്ദത്തില്‍ ഈ പാട്ട് റെക്കോര്‍ഡ് ചെയ്യപ്പെടും എന്നത് ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമായിരുന്നു. ഒരുപാടു സന്തോഷം തോന്നുന്നു വിനീത് പറയുന്നു.