ഒരു കണ്ണിറുക്കല്‍ സീനിലൂടെ വൈറലായി ലോകശ്രദ്ധ നേടിയ നടിയാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിലെ ഒരു കണ്ണിറുക്കലും പുരികം ഉയര്‍ത്തലും താരത്തെ പ്രശസ്തയാക്കി. അന്താരാഷ്ട്ര മാധ്യമങ്ങളിലും പ്രിയയുടെ കണ്ണിറുക്കല്‍ വാര്‍ത്തയായി. ഇപ്പോഴിതാ ആ സീനിന് പിന്നിലെ ആശയം തന്റേതാണെന്ന് പറഞ്ഞിരിക്കുകയാണ് പ്രിയ വാര്യര്‍. പേര്‍ളി മാണിയുമായുള്ള അഭിമുഖത്തിലായിരുന്നു പ്രിയയുടെ പ്രതികരണം. വളരെപ്പെട്ടെന്ന് ഈ വീഡിയോ വൈറലായിരുന്നു. കണ്ണിറുക്കല്‍ സംവിധായകന്‍ പറഞ്ഞിട്ടാണോ ചെയ്തതെന്ന് പേര്‍ളിയുടെ ചോദ്യത്തിന് അത് താന്‍ കൈയില്‍നിന്ന് ഇട്ടതാണെന്നായിരുന്നു പ്രിയയുടെ മറുപടി.
പ്രിയയുടെ വാക്കുകള്‍ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഒമര്‍ ലുലു. കണ്ണിറുക്കല്‍ ഐഡിയ ഒമര്‍ ലുലുവിന്റേതാണെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രിയ പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്റെ പ്രതികരണം. പ്രിയയുടെ പുതിയ പ്രസ്താവനയും വീഡിയോയിലുണ്ട്. അഞ്ച് വര്‍ഷം ആയി എന്നും പാവം കുട്ടി മറന്നതാവുമെന്നും ഒമര്‍ ലുലു വീഡിയോയ്‌ക്കൊപ്പം കുറിച്ചു. വലിയ ചന്ദനാദി ഓര്‍മ്മക്കുറവിന് ബെസ്റ്റാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
നിരവധിയാളുകളാണ് ഒമര്‍ ലുലുവിന്റെ പോസ്റ്റിന് കമെന്റുമായി എത്തുന്നത്. മുന്‍പ് അഭിമുഖം കൊടുത്ത കാര്യം നടി മറന്നുപോയതാവുമെന്ന് പരിഹാസരൂപേണ ഒരാള്‍ കുറിച്ചു. ‘ഇത് എന്റെ സിനിമയിലൂടെ വന്ന് പിന്നീട് ഓര്‍മ്മ നഷ്ടപ്പെട്ടവര്‍ക്ക് സമര്‍പ്പിക്കുന്നു’ എന്ന ക്യാപ്ഷനോടെ വല്ല്യചന്ദനാദി എണ്ണയുടെ ചിത്രവും സംവിധാകന്‍ പങ്കുവെച്ചിട്ടുണ്ട്.
2019-ലാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലവ്’ റിലീസാകുന്നത്. പ്രിയ വാര്യര്‍, റോഷന്‍, നൂറിന്‍ ഷെരീഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.