തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോണ്‍ സാഹചര്യം മന്ത്രിസഭായോഗം ഇന്ന് വിലയിരുത്തും. പൊതുപരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ഇന്നലെ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യും.
കെ-റെയിലിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇതും ചര്‍ച്ചയ്ക്ക് വരാന്‍ സാധ്യതയുണ്ട്. ലൈഫ് പദ്ധതി നടത്തിപ്പില്‍ തദ്ദേശ കൃഷി വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിന് ഇന്ന് പരിഹാരം ഉണ്ടായേക്കും. വകുപ്പ് മേധാവികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉണ്ടായ നിര്‍ദേശം ചീഫ് സെക്രട്ടറി മന്ത്രിസഭയെ അറിയിക്കും.
അപേക്ഷകളുടെ പരിശോധനയ്ക്ക് എല്ലാ വകുപ്പുകളെയും ചുമതലപ്പെടുത്താനാകും തീരുമാനം. ലൈഫ് പദ്ധതിയില്‍ വീടിനായി അപേക്ഷിച്ച് അപേക്ഷകള്‍ പരിശോധിച്ച് പുതിയ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാന്‍ കൃഷി അസിസ്റ്റന്റ്മാരെ കൂടി തദ്ദേശവകുപ്പ് നിയോഗിച്ചിരുന്നു. ഇതിന് കൃഷി വകുപ്പ് അനുമതി നല്‍കാത്തതായിരുന്നു തര്‍ക്കത്തിന് കാരണം.