രാജ്യത്ത് കുത്തനെ ഉരുന്ന ഒമിക്രോണ്‍; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ബുധനാഴ്ച രാവിലെ വരെ 15 സംസ്ഥാനങ്ങളിലായി 213 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 90 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

കേസുകളുടെ എണ്ണത്തില്‍ ഡല്‍ഹിയും മഹാരാഷ്ട്രയുമാണ് മുന്നില്‍. ഡല്‍ഹിയില്‍ 57 പേര്‍ക്കും മഹാരാഷ്ട്രയില്‍ 54 പേര്‍ക്കും അസുഖം സ്ഥിരീകരിച്ചു. ക്രിസ്മസ്, പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് ആളുകള്‍ ഒത്തുകൂടുന്നത് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി വിലക്കി. മാസ്‌ക് ധരിക്കാത്തവരെ പ്രവേശിപ്പിക്കരുതെന്ന് കടകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മറ്റും അതോറിറ്റി നിര്‍ദേശം നല്‍കി.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ മൂന്ന് മടങ്ങ് വ്യാപനശേഷിയാണ് ഒമിക്രോണിനെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.അതിനിടെ, കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കേണ്ടെന്നാണ് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതിയുടെ (എന്‍.ടി.എ.ജി.ഐ.) വിലയിരുത്തല്‍. ഒമിക്രോണ്‍ ഭീതിയില്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി.

പ്രാദേശിക വ്യാപനം നടന്ന ഇടങ്ങളില്‍ ഒമിക്രോണ്‍ വകഭേദം മൂലമുള്ള കോവിഡ് കേസുകള്‍ ഒന്നര മുതല്‍ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇരട്ടിക്കുന്നതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 89 രാജ്യങ്ങളിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്.

Top