ന്യൂഡല്‍ഹി: ഒമിക്രോണ്‍ രോഗികള്‍ വര്‍ദ്ധിക്കുന്നതിനിടെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി കേന്ദ്രം. ഹൈ റിസ്‌ക് വിഭാഗത്തില്‍പെടുത്തിയ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. പരിശോധന നടത്തുന്നതിനു മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇതിനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലിന്റെ സജ്ജമാക്കും. ഇത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഉത്തരവിറക്കി.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ എത്തുന്ന യാത്രക്കാരാണ് പരിശോധന നടത്തേണ്ടത്. രാജ്യത്തെ മറ്റു വിമാനത്താവളങ്ങളിലേക്കും ഇതു വ്യാപിപ്പിച്ചേക്കും. സാധാരണ ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് 500 രൂപയാണ് നിരക്ക്. പെട്ടെന്ന് ഫലം ലഭിക്കാന്‍ റാപ്പിഡ് പരിശോധന നടത്തണമെങ്കില്‍ 3500 രൂപ ചെലവാക്കേണ്ടിവരും. 30 മിനിട്ട് മുതല്‍ ഒന്നര മണിക്കൂര്‍ സമയത്തിനകം ഫലം ലഭ്യമാകും.
പരിശോധനയ്ക്ക് ബുക്ക് ചെയ്യുന്നതിനായി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച ശേഷം ‘ബുക്ക് കോവിഡ് ടെസ്റ്റ്’ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് രാജ്യാന്തര യാത്രക്കാരന്‍ എന്നതു തിരഞ്ഞെടുക്കുക പേര്, ഫോണ്‍ നമ്പര്‍, ഇമെയില്‍, ആധാര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, വിലാസം, എത്തിയ സമയം, തീയതി തുടങ്ങിയ വിവരങ്ങള്‍ നല്‍കുക. ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആര്‍.ടി.പി.സി.ആര്‍ എന്നിവയില്‍നിന്ന് ആവശ്യമുള്ള പരിശോധനാ രീതി തിരഞ്ഞെടുക്കുക.