തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ഉണ്ടാകാതിരിക്കാന്‍ കര്‍ശന ജാഗ്രത വേണം.
പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കര്‍ശന ജാഗ്രത വേണം. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്നതില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മാത്രമല്ല, നാളെയും മറ്റന്നാളും സംസ്ഥാനത്ത് വാക്‌സിനേഷന്‍ സ്പെഷ്യല്‍ ഡ്രൈവെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. നാളെ അഞ്ച് ലക്ഷം ഡോസ് കൊവാക്‌സിന്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. 15നും 18നും ഇടയിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ രജിസ്ട്രേഷന്‍ നാളെ മുതല്‍ ആരംഭിക്കും.
കുട്ടികളുടെ രജിസ്‌ട്രേഷന് വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണ തേടിയെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി സ്‌കൂളുകളുടെ സഹായം കൂടി തേടും. കുട്ടികള്‍ക്കായി പ്രത്യേക വാകിസ്നേഷന്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംസ്ഥാനത്ത് 44 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.