ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങളുടെ അവലോകന യോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങള്‍, മുന്‍കരുതല്‍ നടപടികള്‍, പൊതുജനാരോഗ്യ തയ്യാറെടുപ്പുകള്‍ എന്നിവ യോഗത്തില്‍ വിലയിരുത്തും.
ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് മൂന്നിനാണ് യോഗം.
ഇന്നലെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യ മന്ത്രി ഉന്നതതല അവലോക യോഗം നടത്തിയിരുന്നു. കേരളാ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, കര്‍ണാടക ആരോഗ്യമന്ത്രി കെ സുധാകര്‍, എം സുബ്രഹ്മണ്യം (തമിഴ്‌നാട്), തണ്ണീരു ഹരീഷ് റാവു (തെലങ്കാന) എന്നിവര്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇ-സഞ്ജീവനി, ടെലികണ്‍സള്‍ട്ടേഷന്‍, മോണിറ്ററിംഗ് ഹോം ഐസൊലേഷന്‍, കുറഞ്ഞ പരിശോധനാ നിരക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ വര്‍ധിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. 15-17 വയസുളളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനും, രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് ബാധിതര്‍ ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു.