രാജ്യത്ത് മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോണ്‍ എന്ന വകഭേദം തന്നെയാണ് നിലവില്‍ ആഗോളതലത്തില്‍ കാര്യമായ രോഗവ്യാപനം സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ട് . രണ്ടാം തരംഗത്തിന് കാരണമായിരുന്ന ഡെല്‍റ്റ വകഭേദത്തെക്കാളെല്ലാം ഇരട്ടിയിലധികം വേഗതയില്‍ രോഗവ്യാപനം നടത്താന്‍ സാധിക്കുമെന്നതാണ് ഒമിക്രോണിന്‍റെ വലിയ സവിശേഷത.
അതിനാല്‍ തന്നെ രോഗികളുടെ എണ്ണം കൂടുതല്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ രോഗതീവ്രതയുടെ കാര്യത്തില്‍ ഡെല്‍റ്റയോളം തന്നെ അപകടകാരിയായില്ല ഒമിക്രോണ്‍. അതുപോലെ തന്നെ വാക്സിന്‍ കൂടുതല്‍ പേരിലേക്ക് എത്തിയിരുന്നു എന്നതും മൂന്നാംതരംഗത്തിന്‍റെ വ്യാപ്തി കുറച്ചിരുന്നു. ഇപ്പോഴിതാ ഒമിക്രോണുമായി ബന്ധപ്പെട്ട് പുതിയൊരു പഠനറിപ്പോര്‍ട്ട് കൂടി പുറത്തുവന്നിരിക്കുകയാണ്. യുകെയിലെ കിംഗ്സ് കോളേജില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ദ ലാന്‍സെറ്റി’ലാണ് പഠനത്തിന്‍റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയാലും ഇതിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ രോഗികളില്‍ ദീര്‍ഘകാലത്തേക്ക് നീണ്ടുനില്‍ക്കുന്നതായി നാം കണ്ടു. ലോംഗ് കൊവിഡ് എന്നാണിതിനെ വിളിക്കുന്നത്. നിരവധി പേര്‍ ലോംഗ് കൊവിഡ് മൂലം നിത്യജീവിതത്തില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇത്തരത്തില്‍ ലോംഗ് കൊവിഡ് ബാധിക്കപ്പെടുന്നത് ഒമിക്രോണ്‍ കേസുകളില്‍ കുറവായിരിക്കുമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. 20 മുതല്‍ 50 ശതമാനം വരെ ഒമിക്രോണില്‍ ലോംഗ് കൊവിഡ് സാധ്യത കുറവാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇത് യുകെയിലെ സാഹചര്യം വച്ചാണ് വിലയിരുത്തിയിട്ടുള്ളത്. ഡെല്‍റ്റ വകഭേദവുമായാണ് ഗവേഷകര്‍ ഒമിക്രോണിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്.