ഒമിക്രോണ്‍ ഭീതി; ദുബായില്‍ നിന്നെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍

മുംബൈ: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് മുംബൈയിലെത്തുന്ന യാത്രക്കാര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി. ബൃഹണ്‍ മുംബൈ കോര്‍പറേഷന്റേതാണ് അറിയിപ്പ്.

ദുബായില്‍ നിന്ന് മഹാരാഷ്ട്രയിലെത്തുന്നവരുടെ യാത്രയും സര്‍ക്കാര്‍ നിയന്ത്രിക്കും. സമ്പര്‍ക്കപ്പട്ടിക വ്യാപിക്കാതിരിക്കാനാണിത്.

ഏഴ് ദിവസത്തെ നിരീക്ഷണത്തിന് ശേഷം വ്യക്തിയെ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. ഫലം നെഗറ്റീവ് ആണെങ്കിലും സ്വയം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ പ്രവേശിക്കണം. പരിശോധനാ ഫലം പോസിറ്റിവ് ആണെങ്കില്‍ രോഗിയെ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റും.

നേരത്തെ, രാജ്യത്തെ ഒമിക്രോണ്‍ വ്യാപനവും ക്രിസ്മസ് ആഘോഷങ്ങളും കണക്കിലെടുത്ത് ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലും പ്രധാന നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ചണ്ഡീഗഢ്, ഹരിയാന എന്നിവിടങ്ങളില്‍ രണ്ടുഡോസ് വാക്സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്.

Top