ന്യൂഡല്‍ഹി: രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 300 കടന്നു. ഒമിക്രോണ്‍ വ്യാപനം തടയാന്‍ നടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. രാജ്യം അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം വേഗത്തില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്തിയത്. കണ്ടെയ്ന്‍മെന്റ് നടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കും. കോവിഡ് പരിശോധനയും സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതും വേഗത്തില്‍ വേണമെന്നും വാക്‌സിനേഷന്‍ ഊര്‍ജിതമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
കോവിഡ് കേസുകള്‍ കൂടിയ സംസ്ഥാനങ്ങളിലേക്കും വാക്‌സിനേഷന്‍ കുറഞ്ഞ സംസ്ഥാനങ്ങളിലേക്കും കേന്ദ്രസംഘത്തെ അയക്കും. ഓക്‌സിജനും മരുന്നുകളും കരുതി വയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒമിക്രോണ്‍ കേസുകള്‍ കൂടുന്നതിനാല്‍ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ ശക്തമാക്കി തുടങ്ങി. മധ്യപ്രദേശില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാജ്യത്ത് 300 ന് മുകളിലാണ് ഒമിക്രോണ്‍ കേസുകള്‍ ഇതില്‍ 88 ഉം മഹാരാഷ്ട്രയിലാണ്.