ഒമിക്രോണ്‍ ഭീഷണി; കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങുന്നു

തിരുവനന്തപുരം: ഒമിക്രോണ്‍ ഭീഷണിയില്‍ കേരളത്തിലും നിയന്ത്രണഘട്ടം തുടങ്ങുന്നു. ഇന്ന് രാത്രി 10 മണിമുതല്‍ സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യു ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിലവില്‍ രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി പത്ത് മുതല്‍ മതസാമൂഹ്യരാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

രാത്രി നിയന്ത്രണത്തില്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയപ്പോള്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. ആരാധനാലയങ്ങളില്‍ പുതുവത്സര പ്രാര്‍ത്ഥനകളും ചടങ്ങുകളും നടക്കുമോ എന്ന് പല കോണില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പിന്നീട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. മതസാമുദായിക രാഷ്ട്രീയ സാംസ്‌ക്കാരിക കൂടിച്ചേരലുകള്‍ക്കെല്ലാം നിയന്ത്രണം ബാധകമാണ്.

ഹോട്ടലുകള്‍ റസ്‌റ്റോറന്റുകള്‍ ബാറുകള്‍ ക്ലബുകള്‍ അടക്കമുള്ളവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കന്റ് ഷോക്കും വിലക്കുണ്ട്. അത്യാവശ്യമുള്ളവര്‍ മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്നാണ് നിര്‍ദ്ദേശം. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം. ന്യൂ ഇയര്‍ ആഘോങ്ങളൊന്നും പത്ത് മണിക്ക് ശേഷം പാടില്ലെന്നുമാണ് നിര്‍ദ്ദേശം. വരും ദിവസങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്താകും രാത്രികാല നിയന്ത്രണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക.

പുതുവത്സരാഘോഷങ്ങളിലെ ജനക്കൂട്ടം നിയന്ത്രിക്കാനായി ഡിസംബര്‍ 31ന് രാത്രി 10ന് ശേഷം യാതൊരു ആഘോഷവും അനുവദിക്കില്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയിലെ സീറ്റിങ് കപ്പാസിറ്റി അമ്പത് ശതമാനമായി തുടരുന്നതാണ്.

പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുളള ബീച്ചുകള്‍, ഷോപ്പിംഗ് മാളുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുടങ്ങിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍മാര്‍ മതിയായ അളവില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ സെക്ടറല്‍ മജിസ്‌ട്രേറ്റുകളെ വിന്യസിക്കും. കൂടുതല്‍ പോലീസിനെ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിക്കും.

Top