രാജ്യത്ത് 961 ഒമിക്രോണ്‍ കേസുകള്‍; കോവിഡ് ബാധിതരുടെ എണ്ണത്തിലും വന്‍വര്‍ധന

ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ കേസുകളുടെ എണ്ണം 961 ആയി. ഡല്‍ഹിയില്‍ 263 പേര്‍ക്കാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 252 കേസുകള്‍ സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 97 പേര്‍ക്കും രാജസ്ഥാനില്‍ 69 പേര്‍ക്കും കേരളത്തില്‍ 65 പേര്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 22 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തി. 320 പേര്‍ രോഗമുക്തരായി.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ മരിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,48,22,040 ആയി. ആകെ മരണം 4,80,860 ആയി. നിലവില്‍ കോവിഡ് പോസിറ്റീവായി തുടരുന്നവരുടെ എണ്ണം 82,402 ആണ്.

രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍. ഡല്‍ഹിക്ക് പുറമേ ഗോവ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാജസ്ഥാനില്‍ ജനുവരി ഒന്ന് മുതല്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമേ പൊതുഇടങ്ങളില്‍ പ്രവേശനമുള്ളൂ.

രാത്രി കര്‍ഫ്യു ശക്തമാക്കും. ഗോവയില്‍ സിനിമാ തിയറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കോ മാത്രമേ ഗോവയില്‍ പ്രവേശിക്കാന്‍ സാധിക്കൂ.

 

Top