ഒമിക്രോണ്‍ വകഭേദം 57 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യസംഘടന

57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. നിലവിലുള്ള വകഭേദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കുമെന്നതിനാല്‍ പല രാജ്യങ്ങളിലും സാമൂഹ്യ വാപനം ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

 

ഏകദേശം പത്ത് ആഴ്ച്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് മഹാമാരിയുടെ ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും രോഗബാധിതര്‍ കൂടാന്‍ കാരണമായിട്ടുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ശേഖരിച്ച കൊവിഡ് സാമ്പിളുകളുടെ 93 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് പുറമേ ഒമിക്രോണിന്റെ പല സബ് വേരിയന്റുകളും കണ്ടെത്തിയിട്ടുണ്ട്.

 

സബ് വേരിയന്റുകളായ ബി.എ. വണ്‍, ബി.എ. വണ്‍. വണ്‍, ബി.എ ടു, ബി ത്രീ എന്നിവയില്‍ ബി.എ. വണ്‍, ബി.എ. വണ്‍. വണ്‍ തുടങ്ങിയ വകഭേദങ്ങളാണ് ഇപ്പോള്‍ പടര്‍ന്ന് പിടിക്കുന്നത്. പല രാജ്യങ്ങളിലും ബി.എ ടു വകഭേദം ബാധിച്ചവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്.

ഉപ-വകഭേദങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങളെക്കുറിച്ച് ഇതുവരെ കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് യുഎന്‍ ഹെല്‍ത്ത് ഏജന്‍സി പറഞ്ഞു. കൂടാതെ ഒമിക്രോണ്‍ വകഭേദങ്ങളുടെ സ്വഭാവ സവിശേഷതകള്‍, രോഗപ്രതിരോധത്തിന്റെ വിവിധ വശങ്ങള്‍, എങ്ങനെ ഇതിനെ തടയാം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

സമീപകാലത്തെ പല പഠനങ്ങളും സൂചിപ്പിക്കുന്നത് ഒമിക്രോണിനേക്കാള്‍ കൂടുതല്‍ അപകടകാരിയാണ് ബി.എ ടു വകഭേദമെന്നാണ്. ലോകാരോഗ്യ സംഘടനയുടെ കൊവിഡ് വിദഗ്ദ്ധരില്‍ പ്രമുഖനായ മരിയ വാന്‍ കെര്‍ഖോവ് മാദ്ധ്യമപ്രവര്‍ത്തകരോട് പുതിയ വകഭേദത്തെക്കുറിച്ച് സംസാരിച്ചു. ഒമിക്രോണ്‍ ഉപ-വേരിയന്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ പരിമിതമാണെന്നും ചില കണക്കുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് ബി.എ വണ്ണിനെ അപേക്ഷിച്ച് ബി.എ ടൂ കുറച്ചുകൂടി വേഗത്തില്‍ പടര്‍ന്ന് പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിനെ നിസാരമായി കാണാതെ കൃത്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് മരിയ വാന്‍ കെര്‍ഖോവ് വിരല്‍ ചൂണ്ടുന്നത്.

Top