കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം, വെറുമൊരു വൈറല്‍ പനി; യോഗി

ലഖ്‌നൗ: കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുമെങ്കിലും അതുമൂലം ഉണ്ടാവുന്നത് വൈറല്‍ പനി പോലെയുള്ള നേരിയ രോഗങ്ങളാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ഒമിക്രോണ്‍ വേഗത്തില്‍ പടരുന്നു, പക്ഷേ വളരെ നിസാരമായ അനുബന്ധരോഗങ്ങളേ അതുമൂലമുള്ളൂ. ഈ കൊവിഡ് വകഭേദം വളരെ ദുര്‍ബലമാണ്. ഇത് വൈറല്‍ പനി പോലെയാണ്, പക്ഷേ മുന്‍കരുതലുകള്‍ ആവശ്യമാണ്. എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ല,’ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് യോഗി ആദിത്യനാഥ് പറഞ്ഞു.

കൊവിഡിന്റെ ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരകമല്ല ഒമിക്രോണെന്നും വൈറസ് ബാധിതര്‍ക്ക് നാലോ അഞ്ചോ ദിവസത്തില്‍ തന്നെ രോഗമുക്തിയുണ്ടാവുന്നുണ്ടെന്നും യോഗി പറഞ്ഞു. ‘മാര്‍ച്ച്-ഏപ്രില്‍ കാലത്ത് വ്യാപിച്ച ഡെല്‍റ്റ വകഭേദത്തില്‍ രോഗബാധിതര്‍ സുഖം പ്രാപിക്കാന്‍ 1525 ദിവസമെടുക്കുന്നതായിട്ടാണ് കണ്ടത്. സങ്കീര്‍ണമായ പല അനുബന്ധരോഗങ്ങളും രോഗികള്‍ക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഒമിക്രോണില്‍ അത്തരം പ്രശ്‌നങ്ങളില്ല. കൊവിഡ് അന്തിമഘട്ടത്തിലെന്നും, അധികം വൈകാതെ അവസാനിക്കുമെന്നും യോഗി പറഞ്ഞു.

നവംബര്‍ അവസാനത്തോടെയാണ് ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥീരികരിച്ചത്. യുപിയില്‍ ഇതുവരെ എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ ബാധയുണ്ടായത്. ഇതില്‍ നാല് പേര്‍ രോഗമുക്തി നേടി. ബാക്കിയുള്ളവര്‍ നിലവില്‍ ചികിത്സയിലാണ്.

Top