ന്യൂഡല്‍ഹി: കൊവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ചപാടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലെയും മിസോറമിലെയും കൊവിഡ് കണക്കുകള്‍ ആശങ്കാജനകമാണെന്നും ഒമിക്രോണ്‍ വ്യാപനം ഡെല്‍റ്റ വകഭേദത്തേക്കാള്‍ അതിവേഗത്തിലാണെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
കേരളത്തിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.1 ആണെന്നും ഇത് ആശങ്കാജനകമാണെന്നും ആരോഗ്യമന്ത്രാലയം നിരീക്ഷിച്ചു. രാജ്യത്തെ 20 ജില്ലകളില്‍ 5 ശതമാനത്തിന് മുകളിലാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 9 എണ്ണം കേരളത്തിലാണ്.
എറണാകുളം, ഇടുക്കി, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, പത്തനംതിട്ട, തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിലാണ് 5 ശതമാനത്തിന് മുകളില്‍ ടിപിആര്‍ ഇപ്പോഴുമുള്ളത്. വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസിന് മാത്രം രോഗവ്യാപനം തടയാന്‍ കഴിയില്ലെന്നും, സംസ്ഥാനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.