തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാംതരംഗം ഒമിക്രോണ്‍ തരംഗമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കൊവിഡ് കേസുകളില്‍ 94 ശതമാനം ഒമിക്രോണ്‍ കേസുകളും 6 ശതമാനം ഡെല്‍റ്റ വകഭേദവുമെന്ന് പരിശോധനയില്‍ വ്യക്തമായതായി മന്ത്രി പറഞ്ഞു. ഐസിയു ഉപയോഗത്തില്‍ രണ്ട് ശതമാനം കുറവുണ്ടായി. വെന്റിലേറ്ററിലും കുറവുണ്ടായി. കൊവിഡ് വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങിയതായും മന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്‍ രൂപീകരിക്കും. 0471 2518584 നമ്പറിലായിരിക്കും ബന്ധപ്പെടേണ്ടത്. 24 മണിക്കൂറും ജില്ലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. ഒമിക്രോണിന്റെ തീവ്രത ഡെല്‍റ്റേയാക്കാള്‍ കുറവാണെങ്കിലും വൈറസിനെ നിസാരമായി കാണരുത്. ചുമ, കടുത്ത പനി എന്നിവ മാറാതെ നില്‍ക്കുന്നെങ്കില്‍ ഗൗരവമാണ്. ഡോക്ടറെ സമീപിക്കണം. കൊവിഡ് രോഗികളില്‍ 96.4 ശതമാനം വീട്ടില്‍ തന്നെയാണ് കഴിയുന്നത്. ഗൃഹപരിചരണത്തിന് ആശുപത്രിയിലേത് പോലെതന്നെ പ്രാധാന്യം നല്‍കണമെന്നും മന്ത്രി പറഞ്ഞു.
പ്രമേഹം ഉള്ളവര്‍, വൃക്കരോഗികള്‍ എന്നിവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഗൃഹപരിചരണത്തില്‍ കഴിയേണ്ടതാണ്. തളര്‍ച്ച അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ പരിചരണം തേടണം. മൂന്ന് ദിവസം വരെ പനിയുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് മാറണം. ഗുരുതര രോഗികള്‍, എച്ച്‌ഐവി പൊസിറ്റീവ് രോഗികള്‍ എന്നിവര്‍ പൊസിറ്റീവായാല്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറണം.
എല്ലാ ആശുപത്രികളിലും പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ രൂപീകരിക്കും. 50% ശതമാനം കിടക്കള്‍ സ്വകാര്യ ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കണം. ചികിത്സാ സൗകര്യമില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.