റെയ്ക്ജാവിക്: അഗ്‌നിപർവ്വതം പൊട്ടി വന്ന ലാവയിൽ ഓംലെറ്റ് ഉണ്ടാക്കി യുവാവ്. വടക്കൻ യൂറോപ്പിലെ ദ്വീപ് രാജ്യമായ ഐസ് ലാൻഡിലാണ് സംഭവം. ഐറിക്വർ ഹിൽമാർസൺ ആണ് തിളച്ചൊഴുകി വന്ന ലാവയിൽ സാഹസം കാട്ടി വീഡിയോ യൂട്യൂബിൽ ഇട്ടത്. മറ്റ് സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചതോടെ വീഡിയോ വൈറലായി.
എസ് ലാൻഡിന്റെ തലസ്ഥാനമായ റെയ്ക്ജാവിക്കിൽ നിന്നും 40 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഫാഗ്രഡാൽസ്ഫിയാക് അഗ്‌നിപർവ്വതം കഴിഞ്ഞ വെളളിയാഴ്ചയാണ് പൊട്ടിത്തെറിച്ചത്. 800 വർഷത്തിൽ ആദ്യമായിട്ടാണ് ഈ അഗ്നിപർവ്വതം പൊട്ടിയത്. ലാവാ പ്രവാഹത്തിന്റെ തീവ്രത കുറഞ്ഞതോടെ ഇത് കാണാൻ നിരവധി ആളുകളാണ് സ്ഥലത്തെത്തിയത്. കനലുകളായി തിളച്ചു കിടക്കുന്ന ലാവയിൽ പലരും ഹോട്ട് ഡോഗ് ഉൾപ്പെടെ പാകം ചെയ്യാൻ തുടങ്ങി. ഇത് കണ്ടതോടെയാണ് ഹിൽമാർസൺ ഓംലെറ്റ് ഉണ്ടാക്കിയത്.
ലാവയുടെ മുകളിലേക്ക് പാൻ വെച്ചു. അടുത്തു കിടന്ന കല്ലിൽ തട്ടി മുട്ട പൊട്ടിച്ച് ഒഴിച്ച് നിമിഷങ്ങൾക്കുളളിൽ ഓംലെറ്റ് റെഡി. 11 സെക്കൻഡ് വരുന്ന വീഡിയോയാണ് ഹിൽമാർസൺ പോസ്റ്റ് ചെയ്തത്. അതിനുളളിൽ പാൻ ചൂടായി ഓംലെറ്റ് പാകമായിരുന്നു. തിളച്ചു കിടക്കുന്ന ലാവയും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. പ്രൊഫഷണൽ ഉപകരണങ്ങൾ ഇല്ലാതെ തന്റെ പ്രവൃത്തി അനുകരിക്കരുതെന്ന ഉപദേശത്തോടെയാണ് ഹിൽമാർസൺ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
തിളച്ചുകിടക്കുന്ന ലാവ കാണാൻ നിരവധി പേരാണ് ഇവിടെ എത്തുന്നത്. എത്തുന്നവരിൽ പലരും ലാവയുടെ ചൂടിൽ ഹോട്ട് ഡോഗുകൾക്ക് പുറമേ ഫോയിൽ പേപ്പറുകളിൽ സാൻഡ് വിച്ചുകളും തയ്യാറാക്കി കഴിച്ചാണ് മടങ്ങുന്നത്.