കൊച്ചി: സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ കാര്യം സ്വന്തം അഭിഭാഷകന്‍ തന്നെ ‘തീരുമാനമാക്കിയേക്കും’.
സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ശിവരാജനെ പ്രകോപിതനാക്കി മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ എസ് ശ്രീകുമാര്‍ നടത്തുന്ന നീക്കം ശുദ്ധ വിഡ്ഢിത്തരമാണെന്നാണ് നിയമരംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത്.
ജസ്റ്റിസ് ശിവരാജന്റെ നിലപാട് എന്തുതന്നെയായാലും തന്ത്രപരമായും സംയമനത്തോടു കൂടിയും കാര്യങ്ങളിലിടപെട്ട് മുഖ്യമന്ത്രിയുടെ നിരപരാധിത്വം ബോധിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം കമ്മീഷനെ പ്രകോപിപ്പിച്ചത് വിഡ്ഢിത്തരമായിപ്പോയെന്ന അഭിപ്രായമാണ് ഉയര്‍ന്നു വരുന്നത്.
കോടതി നടപടികളില്‍ നിന്നും വ്യത്യസ്തമായി തെളിവുകളും വാദപ്രതിവാദങ്ങളും എന്നതിലുപരി ഏകാംഗകമ്മീഷന്റെ വിവേചനാധികാരമാണ് റിപ്പോര്‍ട്ടായി പുറത്തുവരികയെന്നതിനാല്‍ പ്രകോപനം ഫലത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് തിരിച്ചടിയാവുമെന്ന ആശങ്ക ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ‘വെളുക്കാന്‍ തേച്ചത് പാണ്ടാവുമോയെന്ന’ ചിന്താഗതിയിലാണ് ഈ വിഭാഗം.
ബുധനാഴ്ച നടന്ന സിറ്റിംഗില്‍ കമ്മീഷന്റെ അന്വേഷണ വിഷയത്തെയടക്കം ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ അഭിഭാഷകന്‍ ശ്രീകുമാര്‍ ജസ്റ്റിസ് ശിവരാജനുമായി രൂക്ഷമായ വാദപ്രതിവാദത്തിലാണേര്‍പ്പെട്ടത്.
പ്രകോപിതനായ ജസ്റ്റിസ് ശിവരാജന്‍ അഭിഭാഷകന്റെ ക്രോസ് വിസ്താരം അതിര് കടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എവിഡന്‍സ് ആക്ട് പ്രകാരം ചോദ്യം ചോദിക്കാന്‍ ഇത് ക്രിമിനല്‍ കോടതിയല്ലെന്നും കമ്മീഷന്‍ ആന്‍ഡ് എന്‍ക്വയറീസ് ആക്ട് അനുവദിക്കുന്ന ചോദ്യങ്ങള്‍ മാത്രമെ ചോദിക്കാന്‍ പാടുള്ളുവെന്നും അഭിഭാഷകനെതിരെ ആഞ്ഞടിക്കുകയായിരുന്നു.
പതിനാല് മണിക്കൂര്‍ കമ്മീഷന് മുന്നില്‍ മുഖ്യമന്ത്രിയെ ഇരുത്തി തേജോവധം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രിയോട് അനാവശ്യ ചോദ്യം ചോദിച്ചവരെ വിലക്കിയില്ലെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ആരും അനാവശ്യ ചോദ്യം ചോദിച്ചില്ലെന്നും പതിനാല് മണിക്കൂര്‍ ഇരുന്നത് ഒരു ക്രെഡിറ്റായി കാണരുതെന്നും കമ്മീഷന്‍ ചുട്ടമറുപടി നല്‍കി.
ഒരുപടികൂടി കടന്ന് ‘പുറത്തുപറഞ്ഞാല്‍ പലര്‍ക്കും പലതും മോശമായിരിക്കുമെമെന്ന്’ കമ്മീഷന്‍ താക്കീത് നല്‍കിയതും കോണ്‍ഗ്രസ് നേതൃത്വത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. കമ്മീഷന്റെ ഈ പരാമര്‍ശം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ചില തെളിവുകള്‍ ഇതിനകം തന്നെ കൈവശം കിട്ടിയെന്ന ആത്മവിശ്വാസത്താലാകാമെന്ന നിഗമനത്തിലാണ് മുഖ്യമന്ത്രിയുടെ അടുപ്പക്കാര്‍.
സോളാര്‍ കമ്മീഷന്റെ അന്തിമ റിപ്പോര്‍ട്ട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വന്നാലും അതിന് ശേഷം വന്നാലും ഉമ്മന്‍ ചാണ്ടിയെ സംബന്ധിച്ച് രാഷ്ട്രീയ ജീവിത്തിന് തന്നെ അത് നിര്‍ണ്ണായകമാണ്. അതുകൊണ്ടു തന്നെയാണ് കമ്മീഷനെ പ്രകോപിപ്പിക്കുന്ന അഭിഭാഷകന്റെ നടപടിയെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കയോടെ വീക്ഷിക്കുന്നത്.