ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ന് ഇന്ത്യയിലെത്തും. ഉച്ചകഴിഞ്ഞു ന്യൂഡല്‍ഹിലെത്തുന്ന നെതന്യാഹു തീന്‍മൂര്‍ത്തി ഹൈഫ ചൗക്ക് സന്ദര്‍ശിക്കും. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തും.
102 കമ്പനികളില്‍നിന്നുള്ള 130 ബിസിനസ് സംഘാംഗങ്ങള്‍ സന്ദര്‍ശനത്തില്‍ നെതന്യാഹുവിനെ അനുഗമിക്കുന്നുണ്ട്.
2003ല്‍ ഏരിയല്‍ ഷാരോണ്‍ വന്നതിനുശേഷം ഇപ്പോഴാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യയിലെത്തുന്നത്. അതുകൊണ്ട് തന്നെ ഏറെ രാഷ്ട്രീയ പ്രധാന്യം കൂടിയതാണ് ഈ സന്ദര്‍ശനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനം ആറുമാസം പിന്നിടുമ്പോഴാണ് നെതന്യാഹുവിന്റെ വരവെന്ന പ്രത്യേകതയുമുണ്ട്.
കൃഷി, സാങ്കേതികവിദ്യ, ശാസ്ത്രം, ബഹിരാകാശം, ജലം, സംരംഭകത്വം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണത്തെക്കുറിച്ച് മോദിയും നെതന്യാഹുവും ചര്‍ച്ചചെയ്യുമെന്ന് വിദേശകാര്യമന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ബി. ബാലഭാസ്‌കര്‍ പറഞ്ഞു.
മുംബൈയിലെ ഛബാഡ് ഹൗസില്‍ നടന്ന ആക്രമണത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മോഷെ ഹോള്‍റ്റ്‌സ്‌ബെര്‍ഗെന്ന ബാലനും നെതന്യാഹുവിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തുന്നുണ്ട്.