നമ്മളില്‍ പലരും ലോക്ക്ഡൗണ്‍ കാലത്തു ഫോണില്‍ ലുഡോയും പബ്ജിയും കളിച്ചാണ് ബോറടി മാറ്റിയത്. 14 വയസ്സുള്ള ഈ കോഴിക്കോട്ടുകാരന്‍ ലോക്ക്ഡൗണ്‍ കാലം വളരെ കാര്യക്ഷമമായാണ് ഉപയോഗിച്ചത്. ആരോണ്‍ പുത്തലത്ത് തന്റെ പുതിയ ഗെയിമുകള്‍ കോഡ് ചെയ്യാനും കോഡിങ്ങും ഗെയിം ഡെവലപ്‌മെന്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ഒരു പുതിയ വെബ്‌സൈറ്റ് ഉണ്ടാക്കുന്നതുമായി വളരെയധികം തിരക്കിലായിരുന്നു. ഭാവിയില്‍ മൈക്രോസോഫ്റ്റിനും പ്ലെയ്‌സ്റ്റേഷനും ഗൂഗിളിനും വേണ്ടി ഗെയിമുകള്‍ ഉണ്ടാക്കി കൊടുക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുന്ന മലയാളിപ്പയ്യനെ പരിചയപ്പെടാം.
കോഴിക്കോട് ചേവരമ്പലത്തെ സെന്റ് മേരീസ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ്സിലാണ് ഈ കൊച്ചു മിടുക്കന്‍ പഠിക്കുന്നത്. ചെറുപ്പം മുതലേ ടെക്‌നോളജിയില്‍ താല്‍പ്പര്യമുണ്ടായിരുന്ന ആരോണ്‍ പത്തു വയസ്സിനു മുമ്പ് തന്നെ കോഡിങ് ചെയ്യാന്‍ ആരംഭിച്ചിരുന്നു. സങ്കീര്‍ണ്ണമായ കോഡിങ് ആവശ്യമുള്ള ഗെയിമുകള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആരോണ്‍ ഗെയിം എഞ്ചിനുകളായ യൂണിറ്റി, ആന്റിയാല്‍ തുടങ്ങിയ ഗെയിം എന്‍ജിനുകള്‍ ഉപയോഗിക്കുന്നതില്‍ സമര്‍ത്ഥനാണ്. അസാസിന്‍സ് ക്രീട്, ഫോര്‍ട്ട് നൈറ്റ് കെര്‍ബെല്‍ സ്‌പേസ് പ്രോഗ്രാം തുടങ്ങിയ പ്രശസ്ത ഗെയിമുകള്‍ ഡിസൈന്‍ ചെയ്തിരിക്കിന്നത് ഈ ഗെയിം എന്‍ജിനുകള്‍ ഉപയോഗിച്ചാണ്.
ത്രീഡി മോഡലിംഗിനും കാരക്ടര്‍ ഡിസൈനിനു വേണ്ടി ബ്ലെന്‍ഡര്‍ എന്ന സോഫ്‌ട്വെയര്‍ ഉപയോഗിക്കുന്ന ആരോണ്‍ കോഡിങ് ലാന്‍ഗ്വജുകളായ ജാവ, ജാവാസ്‌ക്രിപ്റ്റ്, പൈത്തണ്‍ എന്നിവ ഉപയോഗിക്കാറുണ്ട്. ഗെയിം ഡെവലപ്‌മെന്റില്‍ വളരെ പ്രധാനപ്പെട്ട കോഡിങ് ലാന്‍ഗ്വജുകളായ സി പ്ലസ് പ്ലസ്, സി ഹാഷ് തുടങ്ങിയ കോഡിങ് എന്നിവ പഠിക്കുകയാണ് ആരോണ്‍ ഇപ്പോള്‍. യൂണിറ്റി കമ്മ്യുണിറ്റി ഇവന്റ് ആയിട്ടുള്ള യുണൈറ്റ് 2019ല്‍ ഏറ്റവും പ്രായം കുറഞ്ഞ ഡെലിഗേറ്റ് ആയി പങ്കെടുത്ത ആരോണ്‍ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ യൂണിറ്റി ഡെവലപ്പറുകളില്‍ ഒരാളാണ്.
കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ലോഞ്ച് ചെയ്ത www.puthalath.com , എന്ന വെബ്‌സൈറ്റ് സ്വയം പഠിക്കുക, മറ്റുള്ളവരെ പഠിപ്പിക്കുക, ഷെയര്‍ ചെയ്യുക എന്ന മുദ്രാവാക്യം ആണ് മുന്നോട്ടു വെക്കുന്നത്. ഇന്‍ഡസ്ട്രിയും ഡെവലപ്പേഴ്‌സും തമ്മിലുള്ള ഒരു പാലമായി മാറാന്‍ ഈ വെബ്‌സൈറ്റിന് കഴിയും. കോഡിങ്ങും ഗെയിം ഡെവലപ്‌മെന്റും പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും ഈ വെബ്‌സൈറ്റ് വളരെ സഹായകരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ടെക്‌നോളജി ഉപയോഗിച്ച് കൊണ്ട് സമൂഹത്തില്‍ ഒരു നല്ല മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ആരോണ്‍ വിശ്വസിക്കുന്നു.
കോഡിങ്, ടെക്‌നോളജി, ഗെയിം ഡെവലപ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും ടെക് പ്രേമികള്‍ക്ക് വളരെയധികം സഹായകരമാണ്. സംശയങ്ങള്‍ ചോദിക്കാനും ആരോണുമായി ബന്ധപ്പെടാനുമുള്ള ഓപ്ഷനുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പല ഗെയിമുകളുടെയും കോഡുകള്‍ വിവരണസഹിതം നല്‍കുന്നത് കൊണ്ട് തുടക്കക്കാര്‍ക്ക് ഇത് വളരെ സൗകര്യമാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ആരോണിന്റെ ഇളയ സഹോദരി ഐറീന്‍ പുത്തലത്തും വെബ്‌സൈറ്റ് ഡെവലപ്‌മെന്റിന്റെ കാര്യത്തില്‍ ചേട്ടന്റെ കൂടെയുണ്ട്. ട്രോള്‍ ഹണ്ടേഴ്‌സ് എന്ന നെറ്റ്ഫ്‌ലിക്‌സ് ഷോയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ഒരു പുതിയ ഗെയിമിന്റെ പണിപ്പുരയിലാണ് ആരോണിപ്പോള്‍. ഇതിന്റെ വിശദശാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.