ദുബൈ: എക്സ്പോ 2020 ദുബൈ നഗരിയിൽ ആവേശം വിതറി യു.എ.ഇ ദേശീയ ദിനാഘോഷം. വിശ്വമേള ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ ജനങ്ങളൊഴുകുകയും ഏറെ വർണാഭമായ പരിപാടികൾ അരങ്ങേറുകയും ചെയ്ത പകലും രാത്രിയുമാണ് കഴിഞ്ഞുപോയത്. ദേശീയദിന സമ്മാനമായി എല്ലാവർക്കും എക്സ്പോയിലേക്ക് പ്രവേശനം സൗജന്യമാക്കുക കൂടി ചെയ്തത് സന്ദർശകരുടെ എണ്ണം പ്രതീക്ഷക്കപ്പുറത്തേക്കും ഉയർത്തി.
ബുധനാഴ്ചയും വ്യഴാഴ്ചയും അവധിദിനങ്ങളായതിനാൽ പരിപാടികൾക്കായി കുടുംബമായും സുഹൃത്തുക്കളുമായുമാണ് മിക്കവരും എത്തിയത്. ബുധനാഴ്ച വൈകുന്നേരത്തോടെ നഗരിയിൽ വിവിധ പരിപാടികൾ ആരംഭിച്ചിരുന്നു. ദേശീയ പതാകയുടെ നിറങ്ങൾ മേളയുടെ എല്ലാ ഭാഗങ്ങളിലും ദൃശ്യമായി. കുട്ടികളും മുതിർന്നവരുമെല്ലാം ഒരു പോലെ കൊടികളും മറ്റുമായാണ് എത്തിയത്.
ബുധനാഴ്ച രാത്രി അൽ വസ്ൽ പ്ലാസയിൽ 50വർഷത്തെ ഐതിഹാസികമായ സഞ്ചാരവും വളർച്ചയും അടയാളപ്പെടുത്തുന്ന പ്രത്യേക ഷോ അരങ്ങേറി. ഇത് കാണാനായി നിരവധി പേർ നേരത്തെ തന്നെ വേദിയിൽ സ്ഥലം പിടിച്ചിരുന്നു. എന്നാൽ അൽ വസ്ൽ പ്ലാസയുടെ അതിരും കടന്ന് ജനക്കൂട്ടം പരിപാടി കാണാനായി തടിച്ചുകൂടി. എക്സ്പോ ഉദ്ഘാടന ദിവസത്തിൽ അരങ്ങേറിയതിന് സമാനമായ ശബ്ദ-വെളിച്ച വിന്യാസവും ആർടിഫിഷ്യൽ ഇൻറലിജൻസ് അടക്കമുള്ള സാങ്കേതികതയുടെ തികവുമുള്ള പരിപാടിയാണ് അവതരിപ്പിക്കപ്പെട്ടത്. വ്യാഴാഴ്ച രാവിലെ മുതൽ ജനങ്ങൾ എക്സ്പോ നഗരിയിലേക്ക് ഒഴുകിത്തുടങ്ങിയിരുന്നു.