കൊല്ലം: നീണ്ടകരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ മത്സ്യബന്ധന വള്ളത്തിൽ ഇടിച്ച കപ്പല്‍ കണ്ടെത്തി.
സിംഗപ്പുർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷിപ്പിംഗ് കമ്പനിയുടെ അനിയാംഗ് എന്ന കപ്പലാണ് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടാക്കിയതെന്ന് തീരസംരക്ഷണസേന അറിയിച്ചു.
തീരസേന നിർത്താൻ ആവശ്യപ്പെട്ടെങ്കിലും, കപ്പൽ നിർത്താതെ യാത്ര തുടരുകയാണെന്ന് സേനാധികൃതർ വ്യക്തമാക്കി.
ആൻഡമാൻ, തൂത്തുക്കുടി, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽനിന്നുള്ള തീരസേനയുടെ കപ്പലുകൾ അപകടമുണ്ടാക്കിയ കപ്പലിനെ പിൻതുടരുന്നുണ്ട്.
കപ്പലിനുനേരെ വെടിവെയ്ക്കാൻ തീരസംരക്ഷണസേന തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നീക്കം ഉപേക്ഷിച്ചു.
വള്ളത്തിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ആറു തൊഴിലാളികൾക്കു പരിക്കേറ്റിരുന്നു.
തമിഴ്നാട് കുളച്ചൽ നീരോട് സ്വദേശി സഹായം എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് കപ്പൽചാലിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് അപകടത്തിൽ പെട്ടത്.
കൊല്ലം തിരുമുല്ലവാരം തീരത്തുനിന്നും 40 നോട്ടിക്കൽ മൈൽ ദൂരത്തിൽ 8.53 നോർത്തും 75.4 ഈസ്റ്റിലുമായി അന്താരാഷ്ട്ര കപ്പൽചാലിലായിരുന്നു അപകടം.