ടോക്കിയോ: ജപ്പാനിലെ യക്കുഷിമ ദ്വീപില്‍ യു.എസ്. സൈനികവിമാനം തകര്‍ന്നുവീണു. അപകടത്തില്‍ ഒരു വ്യോമസേന ഉദ്യോഗസ്ഥന്‍ മരിക്കുകയും ഏഴുപേരെ കാണാതാവുകയും ചെയ്തു. ഓസ്പ്രേ വിഭാഗത്തില്‍പ്പെട്ട വിമാനം പരീശീലനപ്പറക്കലിനിടെയാണ് കടലില്‍ തകര്‍ന്നുവീണത്. ബുധനാഴ്ചയായിരുന്നു അപകടം. ജപ്പാന്റെ തെക്കേ അറ്റത്തെ പ്രധാന ദ്വീപായ ക്യുഷുവിന്റെ തെക്കുഭാഗത്താണ് യക്കുഷിമ സ്ഥിതിചെയ്യുന്നത്.
അപകടത്തില്‍പ്പെട്ട ഒരു ഉദ്യോഗസ്ഥനെ ആദ്യം കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചെന്ന് ജപ്പാന്‍ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. എട്ടുപേരങ്ങുന്ന സംഘമാണ് സി.വി 22ബി ഓസ്പ്രേ വിമാനത്തില്‍ യൊക്കോത്തയിലെ എയര്‍ ബെയ്സില്‍ നിന്ന് പരിശീലന പറക്കല്‍ ആരംഭിച്ചതെന്ന് യു.എസ് വ്യോമസേന ഓപ്പറേഷന്‍സ് തലവന്‍ അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.