ന്യൂഡല്‍ഹി: എഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികലയ്‌ക്കെതിരായ അനധികൃത സ്വത്തുസമ്പാദന കേസില്‍ ചൊവ്വാഴ്ച സുപ്രീം കോടതി വിധിപറയും. രാവിലെ 10.30ന് ജസ്റ്റീസ് പി.സി.ഘോഷിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറയുന്നത്.
മുഖ്യമന്ത്രിയായിരുന്ന 1991-96 കാലയളവില്‍ ജയലളിത അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നാണ് കേസ്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി അന്തരിച്ച ജയലളിത ഉള്‍പ്പെടെ അഞ്ച് പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
കേസില്‍ പ്രതികള്‍ക്ക് നാലുവര്‍ഷത്തെ തടവും പിഴയും ബംഗളുരുവിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചിരുന്നു. ജയലളിതയ്ക്ക് നൂറുകോടി രൂപയും മറ്റ് പ്രതികള്‍ക്ക് പത്ത് കോടി വീതവുമായിരുന്നു പിഴ വിധിച്ചിരുന്നത്. പ്രതികളെ ശിക്ഷിച്ച വിചാരണക്കോടതി വിധി കര്‍ണാടക ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.