ഓണക്കിറ്റ് വിതരണത്തില്‍ ഇന്നും പ്രതിസന്ധി; മലബാറില്‍ പലയിടങ്ങളിലും ഓണ കിറ്റുകള്‍ എത്തിയില്ല

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തില്‍ ഇന്നും പ്രതിസന്ധി. ഇന്നലെ വൈകിട്ടോടെ കിറ്റുകള്‍ പൂര്‍ണമായും എത്തിക്കും എന്നായിരുന്നു റേഷന്‍ വ്യാപാരികള്‍ക്ക് ലഭിച്ച വിവരം. മലബാറില്‍ പലയിടങ്ങളിലും റേഷന്‍ കടകളിലേക്കുള്ള ഓണ കിറ്റുകള്‍ എത്തിയില്ല. ഇന്ന് കിറ്റുകള്‍ എത്തിക്കുമെന്ന് ഒടുവില്‍ വിവരം ലഭിച്ചതായി വ്യാപാരികള്‍ അറിയിച്ചു. ചിലയിടങ്ങളില്‍ ഇ പോസ് മെഷീനുകള്‍ തകരാറിലായതും ഓണക്കിറ്റ് വിതരണത്തില്‍ പ്രതിസന്ധിയാകുന്നു.

അതേസമയം ഓണകിറ്റ് വിതരണം നാളെയോടെ പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിന്റെ ലക്ഷ്യം. മില്‍മയില്‍ നിന്ന് ലഭിച്ച സാധനങ്ങള്‍ കിറ്റില്‍ ഉള്‍പ്പെടുത്തി റേഷന്‍ കടകളില്‍ ഉടന്‍ എത്തിക്കും. പായസം മിക്‌സിന് ക്ഷാമം ഉണ്ടെങ്കില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മറ്റ് ബ്രാന്‍ഡുകള്‍ വാങ്ങാനാണ് തീരുമാനം. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് കിറ്റ് നല്‍കേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ ഉറപ്പ്. ഇന്ന് ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്.

ഇന്നലെ ഉച്ചയോടെ മുഴുവന്‍ കിറ്റുകളും റേഷന്‍ കടകളില്‍ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്‌സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മില്‍മയുടെ പായസം മിക്സും, റെയ്ഡ്‌കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളില്‍ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിംഗ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

Top