തിരുവനന്തപുരം :ഈവര്‍ഷത്തെ ഓണം വാരാഘോഷത്തിന് ഇന്നു സമാപനമാകും. ആഘോഷത്തിനു സമാപനം കുറിച്ചുള്ള സാംസ്‌കാരികഘോഷയാത്ര വൈകിട്ട് നടക്കും.
വൈകിട്ട് അഞ്ചരയ്ക്ക് വെള്ളയമ്പലത്ത് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. ടൂറിസംമന്ത്രി എ.സി മൊയ്തീന്‍ വാദ്യോപകരണമായ ‘കൊമ്പ്’ മുഖ്യകലാകാരന് കൈമാറും.
കുറ്റമറ്റ സുരക്ഷാക്രമീകരണങ്ങളാണ് സമാപനഘോഷയാത്രയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
കേരളത്തിന്റെ നാടന്‍കലകളുടെയും ഇതര കലാവിഭാഗങ്ങളുടെയും സമ്പന്നമായ സമ്മേളനമാകും മണിക്കൂറുകള്‍ നീളുന്ന ഘോഷയാത്ര. വൈകിട്ട് അഞ്ചരയ്ക്ക് ആരംഭിക്കുന്ന ഘോഷയാത്ര രാത്രി എട്ടോടെ കിഴക്കേകോട്ടയില്‍ സമാപിക്കും.
ടൂറിസം വാരാഘോഷത്തിന്റെ സമാപനം ഗവര്‍ണര്‍ പി സദാശിവം ഉദ്ഘാടനംചെയ്യും. മുത്തുക്കുടയേന്തിയ കേരളീയവേഷം ധരിച്ച 100 പുരുഷന്മാര്‍ അശ്വാരൂഢ സേനയ്ക്ക് പിന്നിലായി ചേരും. 46 ഇനം കേരളീയ നാടന്‍കലാരൂപങ്ങളും 75 ഫ്‌ളോട്ടുകളും ഉള്‍പ്പെടെ 150ല്‍പരം ദൃശ്യശ്രാവ്യകലാരൂപങ്ങളും ഘോഷയാത്രയില്‍ അണിനിരക്കും.
കേരളീയ കലാരൂപങ്ങള്‍ക്ക് പുറമെ ഒഡിഷ, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, കര്‍ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ വിവിധ കലാരൂപങ്ങളും ചരിത്രത്തിലാദ്യമായി ഓണം സാംസ്‌കാരിക ഘോഷയാത്രയുടെ ഭാഗമാകും.
ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാണ് ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കുക. മഫ്തി പൊലീസ്, വനിതാ, പിങ്ക് ബീറ്റ് പൊലീസ്, ക്രമസമാധാന സേന തുടങ്ങിയവ ഘോഷയാത്ര നടക്കുന്ന മേഖലകളില്‍ പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍, പൊതുസ്വകാര്യ, ബാങ്കിങ് എന്നീ മേഖലകളായി തിരിച്ച് മികച്ച ഫ്‌ളോട്ടുകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.