തൃശൂര്‍: പുലികളിയില്ലാതെ കേരളീയര്‍ക്ക് പ്രത്യേകിച്ച് തൃശൂര്‍ക്കാര്‍ക്ക് ഓണാഘോഷം പൂര്‍ത്തിയാകില്ല.
ഇത്തവണ തൃശൂരിലെ പുലികളിയില്‍ ചമയ പ്രദര്‍ശനത്തിലും സംഘങ്ങള്‍ തമ്മില്‍ മാറ്റുരയ്ക്കും.
അര മണി കെട്ടി, വയറ് കുലുക്കി ചുവട് വെക്കുന്ന പുലികള്‍ക്കായുള്ള കാത്തിരിപ്പിലാണ് തൃശൂര്‍. തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍ പുലികളിക്കായുള്ള ചമയങ്ങളുടെ പ്രദര്‍ശനം കഴിഞ്ഞ വര്‍ഷമാണ് ആരംഭിച്ചത്.
പ്രദര്‍ശനത്തിന് കൂടുതല്‍ ദൃശ്യഭംഗി പകരുകയെന്ന ഉദ്ദേശത്തോടെയാണ് പുലികളി ചമയ പ്രദര്‍ശനം മത്സരാധിഷ്ഠിതമായി നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പത്ത് സംഘങ്ങള്‍ പുലികളിയില്‍ പങ്കെടുത്തിരുന്നെങ്കിലും ഈ വര്‍ഷം ആറ് ടീമുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, പുലികളി സംഘങ്ങള്‍ക്കായി തൃശൂര്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന ധനസഹായം ഒന്നേകാല്‍ ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്.
ഒരു സംഘത്തിന് ഇരുപത് ലക്ഷത്തോളം രൂപ ചെലവു വരുന്നതിനാല്‍ കൂടുതല്‍ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പുലികളി സംഘങ്ങള്‍.
സെപ്തംബര്‍ ഏഴിനാണ് തൃശൂരിനെ ത്രസിപ്പിക്കുന്ന പുലികളി അരങ്ങേറുന്നത്.