ഓണാഘോഷം; സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍

തിരുവനന്തപുരം: ഓണാഘോഷങ്ങള്‍ക്കുശേഷം കോവിഡ് കേസുകള്‍ ഉയരുമെന്ന് മുന്നറിയിപ്പുനല്‍കി ആരോഗ്യവിദഗ്ധര്‍. ഓണത്തോടനുബന്ധിച്ചുള്ള കൊവിഡ് വ്യാപനത്തോടെ വരും ദിവസങ്ങളില്‍ പ്രതിദിനകേസുകള്‍ നാല്‍പ്പതിനായിരം കടന്നേക്കുമെന്ന് ആരോഗ്യവിഗദ്ധരുടെ കണക്കുകൂട്ടല്‍.

അവധി കഴിഞ്ഞ് പരിശോധന കൂട്ടുന്നതോടെയാണ് ഇക്കാര്യം വ്യക്തമാവുക. ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം നിലവില്‍ കുറവാണെന്നതാണ് ആശ്വാസം. ഓണത്തോടനുബന്ധിച്ച് നല്‍കിയ ഇളവുകള്‍ കാരണം കൊവിഡ് വ്യാപനം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍, ഓണത്തിന് മുന്‍പേ സംഭവിച്ചെന്നാണ് വിലയിരുത്തല്‍.

സെപ്റ്റംബറില്‍ ആകെ രോഗികളുടെ എണ്ണം നാലുലക്ഷംവരെ ഉയരുമെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നു. മൂന്നുമാസത്തിനിടെ ശനിയാഴ്ച രോഗ സ്ഥിരീകരണനിരക്ക് 17 ശതമാനം കടന്നു. ഞായറാഴ്ച ഇത് 16.4 ശതമാനമായിരുന്നു. ഇളവുകള്‍ പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ രോഗസ്ഥിരീകരണനിരക്ക് ഉയരുകയാണ്.

സംസ്ഥാനത്ത് ഇനി കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യതയില്ല. പരിശോധനകള്‍ വര്‍ധിപ്പിച്ചേക്കും. തീവ്രരോഗവ്യാപനമുള്ള മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ നിയന്ത്രണം ശക്തമാക്കാനും സാധ്യതയുണ്ട്.

Top