തിരുവനന്തപുരം: അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് കൊവിഡിൻ്റെ അതിശക്തമായ വ്യാപനമുണ്ടാക്കാൻ സാധ്യതയുള്ളതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ മുന്നറിയിപ്പ് നൽകി. ഓണക്കാലത്ത് സംസ്ഥാനത്തുണ്ടായ തിരക്ക് കണക്കിലെടുത്താണ്
രോഗ വ്യാപനം രൂക്ഷമാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും അടുത്ത രണ്ടാഴ്ച സംസ്ഥാനത്ത് രോഗവ്യാപനം ശക്തമാകാൻ സാധ്യതയുണ്ടെന്നും ഒക്ടോബറിൽ രോഗവ്യാപനം അതിതീവ്രമാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.
അടുത്ത രണ്ടാഴ്ച കേരളത്തിൽ രോഗവ്യാപനം കൂടാൻ സാധ്യതയുണ്ടെന്നാണ് ഇന്ന് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ ആരോഗ്യമന്ത്രി അറിയിക്കുന്നത്. ചെറിയ രോഗലക്ഷണങ്ങളുണ്ടായാല്‍ പോലും യാത്രകൾ ഒഴിവാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.
വീട്ടില്‍ ആര്‍ക്കെങ്കിലും ലക്ഷണമുണ്ടെങ്കില്‍ എല്ലാവരും മാസ്‌ക് ധരിക്കണം. ഓണക്കാലത്ത് കടകളിലും മറ്റും പതിവില്‍ കവിഞ്ഞ തിരക്കുണ്ടാവുകയും പലരും കുടുംബത്തില്‍ ഒത്തുകൂടുകയും ചെയ്തതിനാൽ രോഗം പകരാനുള്ള സാധ്യതയും ഏറെ കൂടുതലാണ്. കൊറോണ എന്ന മഹാമാരി പൂര്‍വാധികം ശക്തിയായി നമുക്കിടയില്‍ തന്നെയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അണ്‍ലോക്ക് നാലാം ഘട്ടം വന്നതോടെ പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇളവുകള്‍ ആഘോഷമാക്കുകയല്ല വേണ്ടത്. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തമാണെന്നതും ആരോഗ്യ മന്ത്രി പറഞ്ഞു.