സംസ്ഥാനത്ത് പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച ചിത്രങ്ങള്‍ സെപ്റ്റംബറില്‍ എത്തും. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് യോഗം ചേര്‍ന്നാണ് ഓണച്ചിത്രങ്ങളുടെ പുതിയ റിലീസ് തീയതികള്‍ തീരുമാനിച്ചത്. ഇതുപ്രകാരം സെപ്റ്റംബര്‍ ഏഴ് മുതല്‍ സിനിമകള്‍ തിയേറ്ററുകളിലെത്തിത്തുടങ്ങും. ടൊവിനോ തോമസ് നായകനായ തീവണ്ടിയാണ് ആദ്യമെത്തുക.
കായംകുളം കൊച്ചുണ്ണി, ഒരു കുട്ടനാടന്‍ ബ്ലോഗ്, വരത്തന്‍, പടയോട്ടം, തീവണ്ടി എന്നിവയായിരുന്നു മുന്‍നിശ്ചയപ്രകാരമുള്ള ഓണച്ചിത്രങ്ങള്‍. ഇതില്‍ ഓണത്തിന് ഒരാഴ്ച മുമ്പേ തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ബിജു മേനോന്‍ ചിത്രം പടയോട്ടം പ്രളയത്തെത്തുടര്‍ന്ന് റിലീസ് നീട്ടിയിരുന്നു.
ഓണച്ചിത്രങ്ങളും നിര്‍മ്മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മറ്റ് സിനിമകളും സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഘട്ടംഘട്ടമായി റിലീസ് ചെയ്യാനാണ് ഫിലിം ചേംബര്‍ യോഗത്തില്‍ തീരുമാനമായത്. ഇതുപ്രകാരം തീവണ്ടി സെപ്റ്റംബര്‍ ഏഴിന് തിയേറ്ററുകളിലെത്തും. കുട്ടനാടന്‍ ബ്ലോഗ് സെപ്റ്റംബര്‍ 14നും കായംകുളം കൊച്ചുണ്ണി, വരത്തന്‍ എന്നീ ചിത്രങ്ങള്‍ 20നും തിയേറ്ററുകളിലെത്തും. ഓണത്തിന് ശേഷം എത്താനിരുന്ന ഡ്രാമ, ഒടിയന്‍ എന്നിവ ഒക്ടോബര്‍ മാസത്തിലും പ്രദര്‍ശനത്തിനെത്തും.