കൊച്ചി: ഓണസദ്യയെ ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തതായി പരാതി. എറണാകുളം എസ് ആര്‍ എം റോഡില്‍ വനിതകള്‍ നടത്തുന്ന കൊതിയന്‍സ് ഹോട്ടലിന് നേരെയാണ് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. സംഭവത്തില്‍ ഏഴ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു.
മഹാരാജാസ് കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി 550 പേര്‍ക്കുള്ള സദ്യയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നു. ഭക്ഷണം തയ്യാറാക്കി ഹോട്ടലുകാര്‍ കോളേജില്‍ എത്തിച്ചും നല്‍കി. എന്നാല്‍ തയ്യാറാക്കി നല്‍കിയ ഭക്ഷണം തികഞ്ഞില്ല എന്നാരോപിച്ചാണ് ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെത്തി അക്രമണം നടത്തിയത്. മുന്‍കൂറായി നല്‍കിയ ഇരുപതിനായിരം രൂപയും ഇവര്‍ ബലമായി കൈക്കലാക്കി.
മഹാരാജാസ് കോളേജിലെ എഎസ്എഫ്‌ഐ പ്രവര്‍ത്തകരാണെന്ന് പറഞ്ഞായിരുന്നു വിദ്യാര്‍ത്ഥികള്‍ ആക്രമണം നടത്തിയത്. കോളേജിലേയ്ക്ക് ഭക്ഷണം കൊണ്ടുപോയ പാത്രങ്ങള്‍ തിരികെ നല്‍കാനും വിദ്യാര്‍ത്ഥികള്‍ തയ്യാറായില്ല. തുടര്‍ന്ന് ഹോട്ടലുടമ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണ് ഏഴ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.