ഓണം അടിപൊളിയാക്കാന്‍ സര്‍ക്കാര്‍ നടപടി, 6500 ഓണചന്തകള്‍, ക്ഷേമ പെന്‍ഷനുകള്‍ !

onam

തിരുവനന്തപുരം: ഓണം അടിപൊളിയാക്കാന്‍ പൂര്‍ണ്ണ സജ്ജമായി സര്‍ക്കാര്‍ രംഗത്ത്. വിവിധ വകുപ്പുകള്‍ ഏകോപിച്ചുള്ള വിപുലമായ ഒരുക്കങ്ങളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തി വരുന്നത്. 6500ല്‍ അധികം ഓണച്ചന്തകളാണ് സംസ്ഥാനത്ത് തുറക്കുന്നത്. സഹകരണ വകുപ്പിന് കീഴിലായി മാത്രം 3500 ചന്തയും 1500 എണ്ണം സപ്ലൈകോയുടെ കീഴിലുമാണ് പ്രവര്‍ത്തനം ആരംഭിക്കുക. ഇതിനു പുറമെ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ അടക്കം എല്ലാ ആനുകൂല്യങ്ങളും ഓണത്തിനു മുന്‍പ് വിതരണം ചെയ്യുവാനാണ് തീരുമാനം.

onam 1

മാവേലി സ്റ്റോറുകള്‍ക്കായും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കായും പ്രത്യേക ചന്തയുമുണ്ടാകും. മാവേലി സ്റ്റോറില്ലാത്ത 26ല്‍പരം പഞ്ചായത്തിലും പ്രത്യേകം ചന്തയുണ്ടാകും. കൂടാതെ 14 ജില്ലാ ആസ്ഥാനത്തും എല്ലാ താലൂക്ക് കേന്ദ്രത്തിലും ഡിപ്പോ കേന്ദ്രങ്ങളിലും വിപുലമായ ഓണച്ചന്തയും ഒരുക്കാനാണ് പദ്ധതിയിടുന്നത്. കൃഷിവകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ കഴിഞ്ഞ ഓണത്തിന് 1320 പഴം-പച്ചക്കറി ചന്ത പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇത്തവണ അവയുടെ എണ്ണം വര്‍ധിപ്പിക്കും. ഒപ്പം കുടുംബശ്രീ, സഹകരണ സ്ഥാപനങ്ങള്‍, വിവിധ വിപണന സ്ഥാപനങ്ങള്‍, കര്‍ഷകരുടെ ഉല്‍പ്പാദക കൂട്ടായ്മകള്‍ എന്നിവയും വിപുലപ്പെടുത്തും.

നിരവധി പേര്‍ക്ക് പെന്‍ഷന്‍ നല്‍കുവാനും പദ്ധതിയിടുന്നുണ്ട്. 42,17,097 പേര്‍ക്കാണ് ജൂലൈ മുതലുള്ള പെന്‍ഷന്‍ നല്‍കുന്നത്. ഇതില്‍ 8,73,504 പേരെ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയവരാണ്. 1733 കോടി രൂപയോളം ഇതിനു തന്നെ ആവശ്യമാണ്.

onam2

42 കോടി രൂപ പരമ്പരാഗതമേഖലയിലെ വേതനം ഉറപ്പാക്കുന്നതിനായി അനുവദിച്ചിട്ടുണ്ട്. ഖാദിത്തൊഴിലാളികള്‍ക്ക് 16.80 കോടി രൂപയും ഹാന്‍ഡ്‌ലൂം-ടെക്‌സ്‌റ്റൈല്‍ തൊഴിലാളികള്‍ക്ക് 1.89 കോടി രൂപയും ഈറ്റ-കാട്ടുവള്ളി തൊഴിലാളികള്‍ക്ക് 2.40 കോടി രൂപയും കൈത്തറി തൊഴിലാളികള്‍ക്ക് 1.83 കോടി രൂപയും ബീഡിസിഗാര്‍ തൊഴിലാളികള്‍ക്ക് 80 ലക്ഷം രൂപയും കയര്‍ത്തൊഴിലാളികള്‍ക്ക് 18.37 കോടി രൂപയും ഓണത്തിനു മുമ്പായി ബാങ്ക് അക്കൗണ്ടു വഴി വിതരണം ചെയ്യുന്നതാണ്. കൂടാതെ വിവിധ തൊഴില്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് ബോണസ് അടക്കമുള്ള ഓണക്കാല ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേല്‍ക്കുന്നതിന് ടൂറിസംവകുപ്പും ഒരുങ്ങി കഴിഞ്ഞു. വിപുലമായ കലാപരിപാടികളോടും ഘോഷയാത്രയോടും കൂടി പ്രധാന ആഘോഷം തലസ്ഥാനത്തായിരിക്കും സംഘടിപ്പിക്കുന്നത്. കൂടാതെ വിദേശ, സ്വദേശ സഞ്ചാരികള്‍ക്ക് നാട്ടിന്‍പുറങ്ങളിലെ കുടുംബങ്ങളില്‍ ഓണസദ്യ ഒരുക്കുന്നത് ഇത്തവണത്തെ പ്രത്യേകത തന്നെയാണ്.

Top