ബെര്‍ലിന്‍: സൈദ് അഹ്‌മദ് ഷാ സാദത്ത്, ഒരിക്കല്‍ അഫ്ഗാനിസ്ഥാന്റെ വിവര സാങ്കേതിക വിദ്യ മന്ത്രിയായിരുന്നു. ഇപ്പോള്‍ ജര്‍മനിയിലാണ്. സാധാരണ തൊഴിലാളിയായിട്ടാണ് അദ്ദേഹം ജീവിതം നയിക്കുന്നത്. ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ പിസ്സ ഡെലിവറി ബോയി ആണ്. താലിബാന്‍ കീഴടക്കിയതിനെ തുടര്‍ന്ന് അഫ്ഗാനിസ്ഥാന്‍ അന്താരാഷ്ട്ര ചര്‍ച്ചകളില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജര്‍മന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അഫ്ഗാനിസ്ഥാന്‍ മുന്‍ മന്ത്രി സൈദ് അഹ്‌മദ് ഷാ സാദത്ത് പിസ്സയും മറ്റു ഭക്ഷണങ്ങളും വിതരണം ചെയ്ത് ഉപജീവനം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2018-വരെ അഷ്‌റഫ് ഗനി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സാദത്ത് കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച് ജര്‍മനിയിലേക്ക് പോയത്. ജര്‍മനിയില്‍ എത്തി കുറച്ച് കാലം മികച്ച രീതിയില്‍ ജീവിച്ചു. എന്നാല്‍ പണം തീര്‍ന്നതോടെ പ്രശ്‌നങ്ങള്‍ തുടങ്ങി. ഇന്ന് അദ്ദേഹം പിസ്സ ബോയി ആണ്. ജര്‍മന്‍ നഗരത്തിലെ വീടുകളിലേക്ക് സൈക്കിളില്‍ ഭക്ഷണം എത്തിക്കുന്ന ഡെലിവറി ബോയ്.
ഭാവിയില്‍ യൂറോപ്പിലെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ടെലികോമില്‍ ജോലി ചെയ്യണമെന്നാണ് സാദത്ത് ആഗ്രഹിക്കുന്നത്. ‘ഇപ്പോള്‍ ഞാന്‍ വളരെ ലളിതമായ ജീവിതമാണ് നയിക്കുന്നത്. ജര്‍മനി സുരക്ഷിതമാണെന്ന് തോന്നുന്നു. ലീപ്‌സിഗില്‍ ഞാനും കുടുംബവും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ജര്‍മന്‍ കോഴ്‌സും മറ്റു കൂടുതല്‍ പഠനങ്ങള്‍ക്കുമായി പണം സമ്പാദിക്കണം. നിരവധി ജോലികള്‍ക്കായി ഞാന്‍ അപേക്ഷിച്ചിരുന്നു. പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. ജര്‍മന്‍ ടെലികോം കമ്പനിയില്‍ ജോലി ചെയ്യുക എന്നതാണ് എന്റെ ആഗ്രഹം’ സൈദ് അഹ്‌മദ് ഷാ സാദത്ത് ജര്‍മന്‍ മാധ്യമത്തോട് പ്രതികരിച്ചു.
ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് ഇലക്ട്രോണക് എഞ്ചിനീയറിങിലും കമ്മ്യൂണിക്കേഷനിലുമായി രണ്ട് മാസ്റ്റര്‍ ബിരുദങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട് സാദത്ത്. 13 രാജ്യങ്ങളിലായി 20-ലധികം ആശയവിനിമയ സംബന്ധമായ മേഖലകളില്‍ സാദത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഈ മേഖലയില്‍ 23 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്. പ്രസിഡന്റായിരുന്ന അഷ്‌റഫ് ഗനിയുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സാദത്ത് രാജിവെച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അഫ്ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ചും താലിബാനെ കുറിച്ചും സാദത്ത് പ്രതികരണത്തിന് തയ്യാറായില്ല.