കണ്ണൂര്‍: പാനൂരില്‍ ഒന്നര വയസുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റസമ്മതം നടത്തി പ്രതി ഷിജു. കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഭാര്യയുടെ സ്വര്‍ണം പണയപ്പെടുത്തിയത് തിരികെ ചോദിച്ചതാണ് പ്രകോപന കാരണമെന്നും ഷിജു പറഞ്ഞു.
സ്വന്തം മകളെയും ഭാര്യയെയും പുഴയിലേക്ക് തള്ളിയിട്ടെന്നു ഷിജു പൊലീസിനോട് സമ്മതിച്ചു. എന്നാല്‍ കുഞ്ഞിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. ഭാര്യയുടെ സ്വര്‍ണം ബാങ്കില്‍ പണയപ്പെടുത്തിയിരുന്നു. ഇത് തിരികെ ചോദിച്ചതിലുള്ള മനോവിഷമമാണ് സോനയെ പുഴയിലേക്ക് തള്ളിയിടാന്‍ കാരണം.
സോന ബഹളംവച്ചതോടെ പ്രദേശത്തേക്ക് ആളുകള്‍ എത്തി. തുടര്‍ന്ന് അവിടെ നിന്നു രക്ഷപ്പെട്ടു. ആദ്യം ഓട്ടോ മാര്‍ഗം തലശേരിയിലേക്കും പിന്നീട്ട് ബസ് മാര്‍ഗം മാനന്തവാടിയിലേക്കും പോയതായി ഷിജു പൊലീസിനോട് പറഞ്ഞു.
ഇന്നലെ ഉച്ചയോടെ മട്ടന്നൂരില്‍ എത്തിയ ഷിജു ക്ഷേത്രക്കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ തുനിഞ്ഞിരുന്നു. നാട്ടുകാരാണ് ഇയാളെ പൊലീസില്‍ ഏല്‍പിച്ചത്. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേസില്‍ കതിരൂര്‍ പൊലീസ് ഉടനടി കസ്റ്റഡി അപേക്ഷ നല്‍കും. പുഴയില്‍ വീണ് മരിച്ച അന്‍വിതയുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. രക്ഷപ്പെട്ട സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം.