ആലുവ സ്വര്‍ണ കവര്‍ച്ച കേസ്; ഒരാള്‍ കൂടി കസ്റ്റഡിയില്‍

കൊച്ചി: ആലുവ സ്വര്‍ണ കവര്‍ച്ച കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍.തൊടുപുഴ സ്വദേശി ജമാലിനെ ആണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം ജ്വല്ലറിയില്‍ വില്‍പന നടത്തിയത് ജമാല്‍ ആണെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു.

കവര്‍ച്ച ചെയ്ത സ്വര്‍ണം വിറ്റഴിച്ചതിന് ഇടനിലക്കാരായ രണ്ട് പേരെ ഇന്നലെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണത്തില്‍ രണ്ട് കിലോ സ്വര്‍ണം കോട്ടയത്തെ ജ്വല്ലറിയില്‍ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കേസില്‍ മഖ്യ പ്രതികളായ അഞ്ചുപേര്‍ നേരത്തെ പിടിയിലായെങ്കിലും കവര്‍ച്ച സ്വര്‍ണം കണ്ടെത്താന്‍ ആയിരുന്നില്ല.

കഴിഞ്ഞ മെയ് പത്തിന് പുലര്‍ച്ചെയാണ് ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന മലര്‍ രൂപത്തില്‍ ഉള്ള 20 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് പ്രതികള്‍ തട്ടിയെടുത്തത്.

ആറ് കോടി വിലവരുന്ന സ്വര്‍ണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്. കേസന്വേഷിച്ച ലോക്കല്‍ പൊലീസിന് പ്രതികളെ മുഴുവന്‍ പിടികൂടാന്‍ കഴിഞ്ഞെങ്കിലും സ്വര്‍ണം കണ്ടെത്താന്‍ സാധിച്ചില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു

Top