പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

മാനത്ത്മംഗലം സ്വദേശി മുസമ്മില്‍ ആണ് അറസ്റ്റിലായത്.

മാനത്തുമംഗലം കിഴിശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസിന്‍ (21) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.

അതേസമയം, സംഭവത്തില്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു.

കഴുത്തിനു വെടിയേറ്റ പരുക്കോടെ മാസിനെ ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് രണ്ടുപേര്‍ ചേര്‍ന്ന് സ്‌കൂട്ടറില്‍ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍ മാസിനെ പരിചരണത്തിനായി മാറ്റിയതോടെ രണ്ടുപേരും സ്ഥലംവിട്ടു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പെരിന്തല്‍മണ്ണ മാനത്തുമംഗലം നിരപ്പില്‍ വെച്ചാണ് മാസിന് വെടിയേല്‍ക്കുന്നത്. ഒപ്പമുണ്ടായിരുന്ന മുസമ്മിലും ഷിബിനും ചേര്‍ന്ന് ഒരു സ്‌കൂട്ടറില്‍ മാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചയുടന്‍ ഇരുവരും സ്ഥലം വിട്ടു. മദ്യവും കഞ്ചാവും ഉപയോഗിക്കാനാണ് സംഘം ഒരുമിച്ചു കൂടിയത്. ലഹരിയില്‍ ആയിരുന്ന മുസമ്മില്‍ എയര്‍ഗണ്‍ ഉപയോഗിച്ച് മാസിനെ വെടിവെച്ചുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.

പ്രതി എയര്‍ഗണുമായി നില്‍ക്കുന്ന ചിത്രങ്ങളും കസ്റ്റഡിയില്‍ ഉള്ളവരുടെ മൊബൈലില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് ഓഡിയോളജി എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മാസിന്‍. സ്‌കൂട്ടറില്‍ ആശുപത്രിയിലേക്കു കൊണ്ടുവരുമ്പോള്‍ പറ്റിയതാണ് കാലിലെ പരുക്കെന്നാണു നിഗമനം.

Top