തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് ആൾമാറാട്ടം നടത്തിയ യുവാവ് അറസ്റ്റിൽ. പൂന്തുറ മാണിക്കവിളാകം പുത്തൻ വീട്ടിൽ നിഖിലിനെയാണ് മെഡിക്കൽ കേളേജ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവാവിന്റെ ബൈസ്റ്റാന്ററായി നിന്ന പ്രതി ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റദ്ധരിപ്പിച്ച ശേഷം സ്റ്റെതസ്‌കോപ്പും ധരിച്ച് രോഗികളെ പരിശോധന നടത്തുകയായിരുന്നു. പത്തോളം ദിവസമാണ് ഇയാൾ ഡോക്ടർ ചമഞ്ഞ് കറങ്ങി നടന്നത്.
ഇയാളുടെ ചെയ്തികൾ കണ്ട് സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കാലിന് പരുക്കു പറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഴിഞ്ഞം സ്വദേശിയായ റിനു എന്നയാളെ നിഖിൽ കബളിപ്പിച്ചു. മാരകരോഗമുണ്ടെന്ന് പറഞ്ഞ് റിനുവിനെ ഇയാൾ പരിഭ്രാന്തനാക്കുകയും മരുന്നിനായി പണം വാങ്ങുകയും ചെയ്തു.
ആൾമാറാട്ടം നടത്തി പണം തട്ടിയതിന് ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫിസർ നസറുദ്ദീനാണ് പൊലീസിൽ പരാതി നൽകിയത്. നിഖിലിനെതിരെ ആൾമാറാട്ടം, വഞ്ചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു വർഷം മുൻപും ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു.