One BSF Jawan, wounded in Pakistan shelling, dies

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാറാണ് മരിച്ചത്.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ആര്‍.എസ് പുര, അഖ്‌നൂര്‍ മേഖലകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. മോര്‍ട്ടാര്‍ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ശക്തമായ രീതിയില്‍ സേനയും തിരിച്ചടിച്ചതായി ബിഎസ്എഫ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.

അതിര്‍ത്തിയില്‍ പാക് സേനയുടെ വെടിവയ്പില്‍ പരിക്കേറ്റ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഗുര്‍നാം സിംഗ് എന്ന സൈനികനാണ് ശനിയാഴ്ച രാത്രിയോടെ മരിച്ചത്.

ഉറി ഭീകരാക്രമണത്തിനുശേഷം നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനുശേഷം അതിര്‍ത്തിക്കപ്പുറത്തുനിന്ന് രൂക്ഷമായ വെടിനിര്‍ത്തല്‍ ലംഘനങ്ങളാണ് ഉണ്ടാകുന്നത്.

അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യംവെച്ചാണ് പാക് റേഞ്ചേഴ്‌സ് ആക്രമണം നടത്തുന്നത്. ആര്‍.എസ് പുര സെക്ടറിലെ കൊരോട്ടാന ഖുര്‍ദ്, ബുദ്ധിപുര്‍ ഗാട്ടന്‍ ഗ്രാമങ്ങളില്‍ 60 എം.എം, 81 എം.എം ഷെല്ലുകളാണ് പതിച്ചത്.

ജമ്മു കശ്മീരിലെ ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൗറി ജില്ലകളിലെ ആറു മേഖലകളിലാണ് പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

Top