തിരുവനന്തപുരം: ഡോ ഷെഹ്നയുടെ മരണത്തില്‍ സുഹൃത്തായിരുന്ന ഡോ റുവൈസിനെ കുറിച്ച് ഗുരുതര പരാമര്‍ശങ്ങളാണ് ഉള്ളതെന്നും പൊലീസ്. ഷെഹ്നയുടെ മുഖത്ത് നോക്കി ഡോ റുവൈസ് പണം ആവശ്യപ്പെട്ടെന്ന് പൊലീസ് പറയുന്നത്. ഇക്കാര്യം ഡോ ഷെഹ്നയുടെ ആത്മഹത്യാക്കുറിപ്പിലുമുണ്ടെന്ന് പൊലീസ് പറയുന്നു.
ചതിയുടെ മുഖം മൂടി തനിക്ക് അഴിച്ചുമാറ്റാന്‍ കഴിഞ്ഞില്ലെന്ന് ഡോ റുവൈസിനെ കുറിച്ച് ഡോ ഷെഹ്ന പറയുന്നു. അവന് പണമാണ് വേണ്ടത്, അത് എന്റെ മുഖത്ത് നോക്കി പറഞ്ഞു കഴിഞ്ഞു. ഇനിയും ഞാന്‍ എന്തിന് ജീവിക്കണം ജീവിക്കാന്‍ തോന്നുന്നില്ല. ഈ ചതിക്ക് പകരമായി നല്ല രീതിയില്‍ ജീവിച്ചു കാണിക്കേണ്ടതാണ്. പക്ഷെ എന്റെ ഫ്യൂച്ചര്‍ ബ്ലാങ്ക് ആണ്. ഇനി ഒരാളെ വിശ്വസിക്കാനോ സ്‌നേഹിക്കാനോ കഴിയില്ല. സഹോദരി ഉമ്മയെ നന്നായി നോക്കണമെന്നും ഷെഹ്ന ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു.
ഷെഹ്ന സുഹൃത്ത് മാത്രമായിരുന്നുവെന്ന റുവൈസിന്റെ മൊഴി പൊലീസ് തള്ളി. ഇരുവരും അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുവരും ഒരുമിച്ച് യാത്രകള്‍ നടത്തിയ ചിത്രങ്ങളും പൊലിസ് കോടതിയില്‍ നല്‍കി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോളേജ് ക്യാമ്പസില്‍ വച്ചാണ് റുവൈസ് ഷെഹ്നയോട് പണം ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പ്രതി ഇക്കാര്യം സമ്മതിച്ചതായും റുവൈസിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ഹൈകോടതില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.