ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ഇടയ്ക്കിടെയുള്ള തെരഞ്ഞെടുപ്പ് വിഘാതം സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് വെറുമൊരു സംവാദ വിഷയം മാത്രമല്ല, അനിവാര്യതയാണ്. ഏതാനും മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇത് വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാക്കുന്ന തടസ്സങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ പ്രശ്നം പഠനവിധേയമാക്കുകയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യേണ്ടതാണെന്നും മോദി പറഞ്ഞു.
ലോക്സഭ, നിയമസഭ, പഞ്ചായത്ത് തിരഞ്ഞടുപ്പുകള്‍ക്കെല്ലാം കൂടി ഒരു വോട്ടര്‍ പട്ടിക മതിയാകും. വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും മോദി പറഞ്ഞു.
ഭരണഘടനയുടെ വലിയൊരു സവിശേഷത അത് പൗരന്റെ കര്‍ത്തവ്യങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യമാണ്. കര്‍ത്തവ്യങ്ങളും അവകാശങ്ങളും പരസ്പരബന്ധിതമായ കാര്യങ്ങളായാണ് മഹാത്മാഗാന്ധി കണ്ടത്. ഭരണഘടനയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് വലിയ പങ്കുവഹിക്കാനാവുമെന്നും മോദി ചൂണ്ടിക്കാട്ടി.