ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, പഠനസമിതിയുടെ റിപ്പോർട്ട് ഇന്ന്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംബന്ധിച്ച് മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി ഇന്ന് പഠന റിപ്പോർട്ട് സമർപ്പിക്കും. 2029 ൽ ഒറ്റത്തിരഞ്ഞെടുപ്പിന് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ടെന്നാണ് സൂചന.

ഒറ്റത്തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് കുറയ്ക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് റിപ്പോർട്ട് കൈമാറുക.

എട്ടു വാള്യങ്ങളായി ചിട്ടപ്പെടുത്തിയിരിക്കുന്ന 18,000 പേജുകളുള്ള വിശദ റിപ്പോർട്ടാണ് മുൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതി രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കൈമാറുക. ലോക്‌സഭ, നിയമസഭ, മുൻസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രായോഗിക സാധ്യതകൾ പഠിക്കാൻ 2023 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ സമിതി രൂപീകരിക്കുന്നത്.

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ നടപ്പിലാക്കുന്നതിന് ആവശ്യമായ കൃത്യമായൊരു മോഡലാണ് മുൻ രാഷ്ട്രപതിയുടെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. തുടർച്ചയായി ഒരേ സമയം തിരഞ്ഞെടുപ്പുകൾ നടക്കുമെന്ന് ഉറപ്പാക്കാനുള്ള വിവിധ മാർഗങ്ങളും സമിതിയുടെ റിപ്പോർട്ടിലുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, വിരമിച്ച ചീഫ് ജസ്റ്റിസുമാർ, മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർമാർ, വ്യവസായികൾ, സാമ്പത്തിക വിദഗ്ധർ എന്നിവരുമായെല്ലാം സമിതി ചർച്ച നടത്തിയിരുന്നു. ഒപ്പം ജനുവരിയിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും ക്ഷണിച്ചിരുന്നു. അതുവഴി 20,972 പ്രതികരണങ്ങൾ ലഭിച്ചതായും 81 ശതമാനവും ഒരേസമയം തിരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നതായും സമിതി അറിയിച്ചിരുന്നു.

 

Top