‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’; ഭരണഘടനാ ഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം യാഥാര്‍ഥ്യമാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റ വോട്ടര്‍പട്ടിക എന്ന ആശയത്തെ കുറിച്ച് ചര്‍ച്ചകള്‍ സജീവമാക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. എന്നാല്‍ ഒറ്റ വോട്ടര്‍ പട്ടിക എന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നത് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഏറെക്കാലമായി മുന്നോട്ടുവെക്കുന്ന ആശയമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ക്ക് ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടികയുണ്ട്.

ഇവയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയും തമ്മില്‍ ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടികയാക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളമടക്കം എഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനെല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. യോഗത്തില്‍ രണ്ട് നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. വോട്ടര്‍പട്ടിക ഒന്നാക്കി മാറ്റുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നതാണ് ഒരു നിര്‍ദ്ദേശം. മാത്രമല്ല തദ്ദേശഭരണ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകളെല്ലാം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലാക്കുന്നതിന് നിയമ ഭേദഗതിയും ആവശ്യമാണെന്ന നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നു.

വിഷയത്തില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാന്‍ കാബിനറ്റ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. ഈ ആശയത്തിലൂടെ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിവരുന്ന വലിയ ചെലവുകള്‍ കുറയ്ക്കാനാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

Top