പാലാ: വ്യാജരേഖ ചമച്ച് വിവിധ ബാങ്കുകളില്‍ നിന്നായി 1 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ സിനിമ നിര്‍മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴാച്ചേരി താമരമുക്ക് കട്ടക്കനടയില്‍ ബിജു ജെ.കട്ടയ്ക്കല്‍ (44) ആണ് പിടിയിലായത്.
2009ല്‍ ഏഴാച്ചേരി സഹകരണ ബാങ്കില്‍ നിന്ന് വസ്തു പണയപ്പെടുത്തി വായ്പ എടുത്തിരുന്നു. കുടിശിക കൂടി ചേര്‍ത്ത് 24 ലക്ഷത്തോളം രൂപ ബാധ്യതയായി നിലനില്‍ക്കെ ഇതേ സ്ഥലത്തിന്റെ ആധാരങ്ങളും രേഖകളും വ്യാജമായി ചമച്ച് ജില്ലാ ബാങ്കിന്റെ കൊല്ലപ്പള്ളി ശാഖയില്‍ നിന്ന് വായ്പ എടുത്തതായി പൊലീസ് പറഞ്ഞു.
വിവിധ ബാങ്കുകളെ കബളിപ്പിച്ച സംഭവത്തില്‍ പാലാ, മേലുകാവ് പൊലീസ് സ്റ്റേഷനുകളിലും ബിജുവിനെതിരെ കേസുണ്ട്. 2018ല്‍ പുറത്തിറങ്ങിയ സിനിമയുടെ നിര്‍മാതാവായ ഇദ്ദേഹം മറ്റൊരു മലയാള സിനിമയുടെ 2-ാം ഭാഗം നിര്‍മിക്കുന്നതിനുള്ള തയാറെടുപ്പിലായിരുന്നു.
ഏഴാച്ചേരി ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാമപുരം സിഐ. കെ.എന്‍. രാജേഷ്, എസ്‌ഐ പി.എസ്.അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വാഗമണ്ണിലെ സ്വന്തം റിസോര്‍ട്ടില്‍ നിന്നാണ് പിടികൂടിയത്.