അമരാവതി: ആന്ധ്രപ്രദേശില്‍ ആളുകള്‍ കൂട്ടത്തോടെ തളര്‍ന്നു വീണ സംഭവത്തില്‍ ഇതുവരെ ചികിത്സ തേടിയ 300ലേറെ പേരില്‍ ഒരാള്‍ മരിച്ചു. 170 പേര്‍ ആശുപത്രി വിട്ടെന്ന് അധികൃതര്‍ പറയുന്നു. ഞായറാഴ്ച വിജയവാഡ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45കാരനാണ് മരിച്ചത്.
കഴിഞ്ഞ ദിവസമാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഏലൂരു മേഖലയില്‍ ആളുകള്‍ക്ക് കൂട്ടത്തോടെ അസ്വസ്ഥത അനുഭവപ്പെടാന്‍ തുടങ്ങിയത്. മലിനമായ കുടിവെള്ളം ഉപയോഗിച്ചതാണ് തളര്‍ച്ചയ്ക്ക് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ജലത്തിന്റെ പരിശോധനയില്‍ നിന്ന് ഇതല്ല കാരണമെന്ന് വ്യക്തമായതായി ആരോഗ്യവകുപ്പ് മന്ത്രിയും ഏലൂരുവിന്റെ നിയമസഭാ പ്രതിനിധിയുമായ ഉപ മുഖ്യമന്ത്രി എ കെ കെ ശ്രീനിവാസ് പറഞ്ഞു.
സംഭവത്തിന്റെ കാരണം നിഗൂഢമായി തുടരുകയാണെന്നും മന്ത്രി കൃഷ്ണ ശ്രീനിവാസ് പറഞ്ഞു. ദില്ലി എയിംസ് അധികൃതരുമായി ഡോക്ടര്‍മാര്‍ ചര്‍ച്ച നടത്തി. ചികിത്സ തേടിയ എല്ലാവരുടെയും കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. ചികിത്സ തേടിയവരില്‍ 46 പേര്‍ കുട്ടികളും 70 പേര്‍ സ്ത്രീകളുമാണ്.
ചികിത്സയില്‍ പ്രവേശിപ്പിക്കുന്നവരില്‍ ഭൂരിഭാഗം പേരും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തിരികെ ആരോഗ്യം വീണ്ടെടുക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് കമ്മീഷണര്‍ കതമനേനി ഭാസ്‌കര്‍ പറഞ്ഞു. വീടുകള്‍ തോറും സന്ദര്‍ശിച്ച് ആരോഗ്യവകുപ്പ് സര്‍വേ എടുക്കുന്നുണ്ട്. ഏലൂരു മേഖലയിലേക്ക് പ്രത്യേക വൈദ്യ സംഘത്തെ അയച്ചിട്ടുണ്ട്.