തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മഹാമാരിയെ മറികടക്കാന്‍ നൂറ് ദിവസത്തില്‍ നൂറ് പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്തോഷകരമായ ഓണം ഉറപ്പുവരുത്താന്‍ പരമാവധി ശ്രമിച്ചുവെന്നും സാധാരണക്കാര്‍ക്ക് നേരിട്ട് സമാശ്വാസ സഹായം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഭക്ഷ്യ കിറ്റ് വിതരണം നാല് മാസം കൂടി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റേഷന്‍ കട വഴി ആയിരിക്കും ഭഷ്യകിറ്റ് വിതരണം. ഈ സര്‍ക്കാര്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക 100 രൂപ വീതം കൂട്ടി. പെന്‍ഷന്‍ മാസം തോറും വിതരണം ചെയ്യും. ആരോഗ്യ വകുപ്പില്‍ നൂറ് ദിവസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് പരിശോധന പ്രതിദിനം അര ലക്ഷം ആക്കും. 153 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ നൂറു ദിവസം കൊണ്ട് ഉത്ഘാടനം ചെയ്യും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, മൂന്നു കാത്ത് ലാബുകള്‍ എന്നിവയും ആരംഭിക്കും. 2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോവിഡിനെതിരെ പൊതു ആരോഗ്യ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. 2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ സാധാരണ സ്ഥിതിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കിഫ്ബി സഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും. എല്ലാ എല്‍പി സ്‌കൂളുകളും ഹൈടെക്ക് ആക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ ഉള്‍പ്പെടെ 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. സര്‍ക്കാര്‍ എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്സുകള്‍ തുടങ്ങും. പിഎസ്‌സിക്ക് നിയമനം വിട്ട 11 സ്ഥാപനങ്ങളില്‍ എസ്പിഐ റൂള്‍സ് ഉണ്ടാക്കാന്‍ വിദഗ്ധ സമിതി ഉണ്ടാക്കും. മലയാള സര്‍വകലശാല, എപിജെ അബ്ദുള്‍കലാം സര്‍വകാലശാലകള്‍ക്കുള്ള സ്ഥലം കണ്ടെത്തി തറക്കല്ല് ഇടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.