പശു കടത്തുകാരന്‍ എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരാളെ തല്ലിക്കൊന്നു

deadbody

ലക്‌നൗ: പശു കടത്തുകാരന്‍ എന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ ഒരാളെ ആളുകള്‍ തല്ലിക്കൊന്നു. സംഭവത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അയല്‍ ഗ്രാമത്തിലെ ചിലരുമായുണ്ടായ തര്‍ക്കത്തിലാണ് ഇവര്‍ക്ക് മര്‍ദനമേറ്റതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പശുക്കടത്ത് ആരോപിച്ചാണ് ഇവരെ മര്‍ദിച്ചതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹാപൂരിലെ പിലഖുവുവില്‍ തിങ്കളാഴ്ചയാണ് സംഭവം. 45കാരനായ കാസിം, 65 കാരനായ സമായുദ്ധീന്‍ എന്നിവരാണ് ആക്രമണത്തിനിരയായത്. കാസിം ആശുപത്രിയില്‍ വെച്ച് മരിച്ചു. സമൂദുദ്ദീന്‍ ചികിത്സയിലാണുള്ളത്.

സമൂദുദ്ദീന്റെ കുടുംബത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിച്ച ആദ്യ എഫ്.ഐ.ആറില്‍ പശുക്കടത്തിനെ ചൊല്ലിയുള്ള ആക്രമണമാണെന്ന് പറയുന്നില്ല. ബജാദ ഗ്രാമത്തിലൂടെ സഞ്ചരിച്ചിരുന്ന രണ്ടുപേരുടെ വാഹനം അവിടെയുണ്ടായിരുന്ന ഒരാളുടെ വാഹനവുമായി കൂട്ടിയിടിക്കുകയും ഇതേതുടര്‍ന്ന് അടിപിടിയുണ്ടാവുകയും അവര്‍ ആക്രമിക്കപ്പെടുകയും ഒരു വ്യക്തി മരിക്കുകയും ചെയ്തു എന്നാണ് യു.പി പൊലീസിന്റെ എഫ്.ഐ.ആറിലുള്ളത്.

ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. അവന്‍ കശാപ്പുകാരനാണ് അവന്‍ എന്തിനാണ് പശുവിനെ കൊല്ലുന്നതെന്ന് ചോദിക്കൂ എന്നും മറ്റും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം.

Top