കുവൈത്തില്‍ ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും

കുവൈത്തില്‍ അടുത്ത ജനുവരിയോടെ ഒരു ലക്ഷത്തോളം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. 60 വയസ്സ് പൂര്‍ത്തിയായവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ മാന്‍പവര്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നതോടെയാണ് ഇത്രയും പേര്‍ക്ക് തൊഴില്‍ നഷ്ടമാകുക. സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റി പുറത്തു വിട്ട കണക്കനുസരിച്ചു രാജ്യത്തു താമസിക്കുന്ന അറുപതു വയസ്സ് പൂര്‍ത്തിയായ വിദേശികളില്‍ 97,612 പേര്‍ പന്ത്രണ്ടാം ക്ലാസ്സോ അതില്‍ താഴെയോ മാത്രം യോഗ്യതയുള്ളവരാണ്.

ഇത്തരക്കാര്‍ക്കു 2021 ജനുവരി ഒന്ന് മുതല്‍ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടെന്നാണ് മാന്‍പവര്‍ അതോറിറ്റിയുടെ തീരുമാനം. വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാതെ താമസാനുമതി പുതുക്കാന്‍ കഴിയില്ല. ഫലത്തില്‍ ഇത്രയും പേര്‍ക്കു അടുത്തവര്‍ഷം പ്രവാസം മതിയാക്കി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങേണ്ടി വരും. 60 വയസ്സിനു മുകളില്‍ പ്രായമുള്ള അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള നിരവധി മലയാളികള്‍ കുവൈത്തിലുണ്ട്.

Top