രജനീകാന്തിന്റെ 2.0യില്‍ ഉപയോഗിച്ചത് ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍

ചെന്നൈ: ശങ്കര്‍-രജനികാന്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് 2.0. 2010ല്‍ പുറത്തിറങ്ങിയ എന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിത്രത്തിന്റെ ബഡ്ജറ്റിനെപ്പോലെ തന്നെ ആരാധകരെ ഞെട്ടിക്കുന്ന പുതിയ കണക്ക് ചിത്രത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ മുത്തുരാജ് പുറത്ത് വിട്ടിരിക്കുകയാണ്.

മൊബൈല്‍ ഫോണിന്റെ ഉപയോഗവും അമിത റേഡിയേഷന്‍ പക്ഷികളുടെ ജീവന് ഭീഷണിയാകുന്നതുമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പറവകള്‍ ഇല്ലാതായാല്‍ മനുഷ്യരും ഇല്ലാതാകുമെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. മൊബൈല്‍ ഫോണുകളാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്ന പ്രധാന പ്രോപ്പര്‍ട്ടി.

ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. നിരവധി ബാഗുകളിലായാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്. ഓരോരുത്തരുടേയും കൈകളില്‍ ഈ ബാഗുകളുണ്ടായിരുന്നു. ഷോപ്പുകളില്‍ ഡിസ്പ്ലേ ചെയ്യുന്ന ഡമ്മി മൊബൈലുകളാണ് ഇവയില്‍ അധികവും. ഇത്തരം ഡമ്മി പീസുകള്‍ ഷോപ്പുകളില്‍ നിന്നും വിലയ്ക്ക് വാങ്ങി. ഡാമേജ് ആയതും, ഉപയോഗ ശൂന്യമായതുമായ മൊബൈല്‍ ഫോണുകള്‍ പല സ്ഥലങ്ങളില്‍ നിന്നും നിരവധി സ്റ്റോറുകളില്‍ നിന്നും ശേഖരിച്ചു. അതൊരു മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നുവെന്നും മുത്തുരാജ് പറഞ്ഞു.

രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്റെ രണ്ടാം ഭാഗമാണിത്. അക്ഷയ്കുമാര്‍, എമി ജാക്സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. 3ഡിയിലാണ് ചിത്രം എത്തിയത്. നീരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. 450 കോടി മുതല്‍ മുടക്കുള്ള ചിത്രം ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന മുതല്‍ മുടക്കില്‍ ചിത്രീകരിക്കുന്ന സിനിമയാണ്.

Top