താണ്ഡവ് വെബ് സീരീസിനെതിരെ നോയിഡ പൊലീസും കേസ് എടുത്തു

ദില്ലി: ആമസോൺ പ്രൈം റിലീസ് ചെയ്ത താണ്ഡവ് വെബ് സീരീസിനെതിരെ ഉത്ത‍‍ർപ്രദേശിൽ ഒരു കേസ് കൂടി. വെബ് സീരിസിനെതിരെ ഉയർന്ന വിമർശനം ബിജെപി രാഷ്ട്രീയ വിഷയമാക്കിയതോടെ ലക്നൗവിന് പിന്നാലെ ഗ്രേറ്റർ നോയിഡ പൊലീസും മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസ് എടുത്തിരിക്കുകയാണ്. ഉത്തർപ്രദേശിൽ അണിയറ പ്രവ‍ർത്തകർക്കെതിരെയുള്ള രണ്ടാമത്തെ കേസാണിത്. അണിയറപ്രവർത്തകർ ക്ഷമാപണം നടത്തിയിരുന്നെങ്കിലും ചോദ്യം ചെയ്യാൻ യുപി പൊലീസ് മുംബൈയിൽ എത്തി. സമൂഹമാധ്യമങ്ങളിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ വ്യാപക ആക്രമണമാണ് നടക്കുന്നത്.

ഇതിനിടെ സംവിധായകൻ ആലി ആബാസ് സഫറിനെ കടന്നാക്രമിച്ച് നടി കങ്കണ റണാവത്ത് രംഗത്തെത്തി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ച പോലെ അള്ളാഹുവിനെ കളിയാക്കാൻ സംവിധായകന് ധൈര്യമുണ്ടോ എന്ന് നടി ചോദിച്ചു. അതിനിടെ മുംബൈ പൊലീസിന് നൽകിയ പരാതിയിൽ കേസ് എടുക്കാത്തിൽ പ്രതിഷേധവുമായി ബിജെപി എംഎൽഎ റാം കദ്ദം രംഗത്തെത്തി. ശിവസേനസർക്കാർ ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കാൻ കൂട്ടു നിൽക്കുകയാണെന്ന് കദ്ദം ആരോപിച്ചു. ചിത്രം നിരോധിക്കണമെന്നാശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി അഭിഭാഷകനാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബഡേക്ക് കത്തയച്ചത്.

Top