തൃശൂര്‍: ചേലക്കരയില്‍ കാട്ടാനയെ കൊന്ന് കുഴിച്ചിട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് വീട്ടിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. പാലാ സ്വദേശി ജോണിയാണ് വനം വകുപ്പിന്റെ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രതിപട്ടികയില്‍ 10 പേരാണുള്ളത്. കേസില്‍ ഒന്നാം പ്രതിയും സ്ഥലമുടമയുമായ മണിയന്‍ചിറ റോയി കീഴടങ്ങിയിരുന്നു. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനക്ക് വൈദ്യുതാഘാതമേല്‍ക്കാന്‍ ഇടയാക്കിയ കെണിയൊരുക്കിയത് സ്ഥലമുടമ റോയിയാണ്. ഈ മാസം 14 നാണ് റബര്‍ തോട്ടത്തില്‍ നിന്ന് ആനയുടെ ജഡം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.
നേരത്തെ അറസ്റ്റിലായ ആനയുടെ കൊമ്പ് മുറിച്ചെടുത്ത അഖിലാണ് പ്രതി പട്ടികയില്‍ രണ്ടാമന്‍. അഖിലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 10 പേരെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ജൂണ്‍ 14ന് പന്നിക്കെണിയില്‍പെട്ട് ഷോക്കേറ്റ് ചരിഞ്ഞ ആനയുടെ കൊമ്പ് റോയി അറിയാതെയാണ് അഖില്‍ മുറിച്ചെടുത്തത്.